കാഞ്ഞിരപ്പള്ളിയിൽനിന്ന്‌ പാമ്പുകടിയേറ്റ അന്യസംസ്ഥാന തൊഴിലാളിയെ കോട്ടയം മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലൻസും തിരുവനന്തപുരം കാട്ടാക്കടയിൽ നിന്ന് പൂയംകുട്ടിക്ക് വരികയായിരുന്നു പൂയംകുട്ടി സ്വദേശികൾ സഞ്ചരിച്ച കാറും ആണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിന്ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുസമീപം എം.സി. റോഡിൽ പഴയ പെട്രോൾപമ്പിന് സമീപമാണ് അപകടം.പാമ്പുകടിയേറ്റ ആളെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ആന്റിവെനം നൽകിയശേഷം ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. എതിരേവന്ന കാർ ആംബുലൻസിൽ ഇടിക്കുയായിരുന്നു. കാറിന്റെ അമിതവേഗംകണ്ട് ആംബുലൻസ് നിർത്തിക്കൊടുത്തെങ്കിലും അപകടമുണ്ടായെന്ന്‌ ദൃക്‌സാക്ഷികൾപറയുന്നു. കാറിന്റെ മുൻഭാഗം തകർന്നു. കാർ യാത്രക്കാരായ പൂയംകുട്ടിസ്വദേശികളായ അമ്പനാട്ട് സന്തോഷ് (47), ഭാര്യ ബിന്ദു (40), അനൂപ് (39), കാക്കനാടട്ട് മനോജ് (49) കാർ ഡ്രൈവർ അനീഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ബിന്ദുവിെന്റ തലയ്ക്ക് പരിക്കുണ്ട്. ഇതിനിടയിൽ പിന്നിൽനിന്ന്‌ എത്തിയ മറ്റൊരു കാർ ആംബുലൻസിനു പിന്നിലിടിച്ചു. ആംബുലൻസ് ഡ്രൈവർ വിഷ്ണു, മെയിൽ നഴ്സ് രാഹുൽ എന്നിവർ അപകടത്തിൽപ്പെട്ടവർക്ക് പ്രഥമശുശ്രൂഷ നൽകി. ആംബുലൻസിലുണ്ടായിരുന്ന ആളെ വേറെ ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലാക്കി. കാർ യാത്രക്കാരെ മറ്റൊരു വാഹനത്തിലും ആശുപത്രിയിലെത്തിച്ചു.ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.