കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം കാഞ്ഞിരപ്പള്ളി ബേത്ലഹേം ആശ്രമത്തില്‍ നടത്തി. ഡയറക്ടര്‍ ഫാ. ജിന്‍സ് വാതല്ലൂക്കുന്നേല്‍ കേക്ക് മുറിച്ച് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തില്‍ എത്ര ഉയര്‍ന്ന നിലയിലെത്തിയാലും സമൂഹത്തിലെ അവശതകള്‍ അനുഭ വിക്കുന്നവരെ ഒരിക്കലും മറക്കരുതെന്ന് അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനു കെ. മാത്യു, അധ്യാപകരായ ജോസഫ് കുര്യന്‍, ജിബിന്‍ ഇ.എസ്, സുജാമോള്‍ തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഒന്പതാം ക്ലാസുകാരായ അമ്പതോളം വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.സ്‌കൂളിന്റെ നേതൃത്വത്തില്‍ എല്ലാ ചൊവ്വാഴ്ചയും ഇവിടെയുള്ള അന്തേവാസികള്‍ക്ക് പൊതിച്ചോറ് നല്‍കിവരുന്നു. അധ്യാപകര്‍ നല്‍കിയ തുക ഉപയോഗിച്ച് ഉച്ചഭ ക്ഷണം നല്‍കുകയും ചെയ്തു. ദൈവം നമുക്ക് തന്നിരിക്കുന്ന സാധ്യതകളെക്കുറിച്ചും കഴിവുകളെക്കുറിച്ചും ഉണര്‍വുള്ളവരാകുന്നതിനും ന്യൂനതകളുള്ളവര്‍ക്ക് പരിഗണന നല്‍കുമ്പോഴാണ് നല്ല മനുഷ്യരാകാന്‍ കഴിയുമെന്ന ബോധ്യം വിദ്യാര്‍ഥികളില്‍ ഉണ്ടാകുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ പറഞ്ഞു.