കൂരാലി: കഴിഞ്ഞദിവസം പൊൻകുന്നത്തു  നിയന്ത്രണംവിട്ട കാർ ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ മുഹമ്മദ്‌ റഫീക്കി ( 34 )ന് ആയിരങ്ങൾ യാത്രാമൊഴി നൽകി. പനമറ്റം മുസ്ലിം ജമാഅത്ത്  ഖബർ സ്ഥാനിയിൽ നടത്തിയ കബറടക്കത്തിൽ വനിതകളും കുട്ടികളുമടക്കം വൻജനാവലി പങ്കെടുത്തു.   ദീർഘകാലം പനമറ്റം  മുസ്ലിം ജമാഅത്ത് ഇമാമും നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യവും സഹായിയുമായ ഹസ്സൻ മൗലവിയുടെ മൂത്ത മകനായിരുന്നു റഫീക് വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ സംക്രാന്തി മുസ്ലിം പള്ളിയിൽ മയ്യത്ത് പരിപാലനം നടത്തി എത്തിച്ച മൃതദേഹം കൂരാലിയിൽ ഓട്ടോസ്റ്റാന്റിന്‌ സമീപം പൊതുദര്ശനത്തിനുവെച്ചപ്പോൾ സഹപ്രവർത്തകരും നാട്ടുകാരുമടക്കം നൂറു കണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് റഫീക്കിന്റെ മൃതദേഹം വീട്ടിലെത്തിച്ചു പ്രാര്ഥനക്കുശേഷം മദ്രസ ഹാളിൽ പൊതുദർശനത്തിനു വെച്ചപ്പോൾ തിങ്ങി നിറഞ്ഞ ജനം കണ്ണീരോടെ യാണ് വിട നൽകിയത്. തുടർന്ന് നടന്ന ജനാസാ നമസ്കാരത്തിന് പിതാവ് ഹസ്സൻ മൗലവിതന്നെ നേതൃത്വം നൽകിയപ്പോൾ പങ്കെടുക്കാനെത്തിയവർക്കും പിടിച്ചു നിൽക്കാനായില്ല.
       അപകടത്തിൽപെട്ട ഓട്ടോയാത്രക്കാരി ഇലവനാൽത്താഴെ ഹസ്സൻകുട്ടിയുടെ ഭാര്യ സുഹറബീവി അന്ന് തന്നെമരണമടഞ്ഞിരുന്നു.  ഭർത്താവായഹസ്സൻകുട്ടിയെ  കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സക്കുശേഷം തുടർചികിത്സക്കായി  കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ പനമറ്റം മഹല്ലിൽ ഈ വർഷം നടത്താനിരുന്ന എല്ലാ നബിദിനാഘോഷ പരിപാടികളും മാറ്റിവെച്ചതായി ഇമാം നാസർ മൗലവി, പ്രസിഡന്റ്‌ വി.ഐ. അബ്ദുൽ കരീം, സെക്രട്ടറി അനസ് മുഹമ്മദ്‌ എന്നിവർ അറിയിച്ചു.