രണ്ടര മാസം ഇനി ഒരു പട്ടണം പോലെയാകും എരുമേലി. ഒപ്പം ലോകത്തിന് മതമൈത്രിയുടെ സായൂജ്യമായി അയ്യപ്പ ഭക്തരെ സ്വീകരിച്ച് നൈനാര്‍ മസ്ജിദും ശാസ്താ ക്ഷേത്രവും വീണ്ടും തിളങ്ങും. എരുമേലി ടൗണിന് മണ്ഡലകാലത്തിന്റെ കാഹളമായിരുന്നു ഇന്നലെ തീര്‍ഥാടകരുടെ ആദ്യ പേട്ടതുള്ളല്‍. തമിഴ് നാട്ടുകാരായ ഒരു സംഘം ഭക്തരാണ് ആദ്യ പേട്ടതുള്ളല്‍ നടത്തിയത്. ഇന്നാണ് മണ്ഡലകാലം ആരംഭിക്കുക. എന്നാല്‍, വൈകിപ്പോയ ഒരുക്കങ്ങള്‍ തീരാതെ ബാക്കി നില്‍ക്കെ ഒരു ദിവസം മുമ്പെ ശബരിമല തീര്‍ഥാടകര്‍ എത്തിത്തുടങ്ങിയത് ക്രമീകരണങ്ങള്‍ക്കുള്ള കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

യുവതീപ്രവേശന വിവാദത്തില്‍ കലങ്ങി നഷ്ടം നിറഞ്ഞ കഴിഞ്ഞ തീര്‍ഥാടനകാലം ഇത്തവണ ആവര്‍ത്തിക്കില്ലെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. അതുകൊണ്ട് തന്നെ ലേലങ്ങള്‍ പിടിക്കാനും കടകള്‍ നടത്താനും കഴിഞ്ഞ തവണത്തേക്കാള്‍ തിരക്കുണ്ട്. അതേസമയം സര്‍ക്കാര്‍ ക്രമീകരണങ്ങളും കച്ചവടശാലകളും സജീവമാകും മുമ്പെ അയ്യപ്പഭക്തര്‍ എത്തിത്തുടങ്ങിയത് ഒരുക്കങ്ങള്‍ക്ക് തിരിച്ചടിയായി. പ്രതീക്ഷിക്കാതെ ഇന്നലെ തീര്‍ഥാടകരേറെയെത്തി.

മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ കാനനപാതയില്‍ തീര്‍ഥാടക യാത്ര പതിവില്ലാത്തതാണ്. എന്നാല്‍, ഇന്നലെ എരുമേലി – ഇരുമ്പൂന്നിക്കര – കാളകെട്ടി കാനനപാതയില്‍ ഒട്ടേറെ അയ്യപ്പഭക്തരാണ് ശബരിമലയിലേക്ക് യാത്ര ചെയ്തത്. പ്രധാന റോഡുകളില്‍ പോലും പണികള്‍ പൂര്‍ത്തിയായിട്ടില്ലാത്തത് ഇത്തവണ ദുരിതം വര്‍ധിപ്പിക്കും. കുടിവെള്ള വിതരണ കുഴലുകളിലെ തകരാറുകള്‍ പരിഹരിച്ചിട്ടില്ല. ജല അഥോറിറ്റിയുടെ ജലവിതരണം എരുമേലി ടൗണിലും ഭാഗികമാണ്.