ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ ആറ് ദിവസങ്ങള്‍ ശേഷിക്കെ എരുമേലി യില്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത മുന്നൊരുക്ക അവലോകനയോഗത്തില്‍ നിറഞ്ഞത് ഏറെയും പഴികളും പരാതികളും.വീഴ്ചകള്‍ ഉണ്ടെന്ന് കളക്ടര്‍.ഒരുക്കങ്ങള്‍ പലതും നട പ്പിലായിട്ടില്ലെന്ന് യോഗത്തില്‍ ആമുഖ പ്രസംഗം നടത്തിയ ജില്ലാ കളക്ടര്‍ ഡോ.പി കെ ജയശ്രീ പറഞ്ഞു. ചില വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും കളക്ടര്‍ വിലയിരുത്തി. ഇത് പരിശോധിച്ച് വീഴ്ചകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

ശബരിമല തീര്‍ത്ഥാടനകാലത്ത് എല്ലാ വകുപ്പുകളിലും ഗ്രീന്‍ പ്രോട്ടക്കോള്‍ പാലിക്കാ ന്‍ തീരുമാനം. അപകട രഹിതമായ സീസണ്‍ ആകുന്നതിനുള്ള നടപടികള്‍ സ്വീകരി ക്കാനും തീരുമാനം. 16 ന് മെഗാ ക്ളീനിംഗ് എരുമേലിയില്‍ നടപ്പിലാക്കും. തീര്‍ത്ഥാട നകാലം ആരംഭിക്കാന്‍ ആറ് ദിവസങ്ങള്‍ ശേഷിക്കെ എരുമേലിയില്‍ എംഎല്‍എ വി ളിച്ചു ചേര്‍ത്ത മുന്നൊരുക്ക അവലോകന യോഗത്തിലാണ് തീരുമാനം. ഭക്തരുടെ ശ ബരിമല പരമ്പരാഗത കാനനപാത ആരംഭിക്കുന്ന കോയിക്കക്കാവില്‍ ദിവസവും വൈകുന്നേരം നാല് മണിയോടെ തീര്‍ത്ഥാടക പ്രവേശനം അവസാനിപ്പിക്കാന്‍ യോ ഗത്തില്‍ തീരുമാനമായി. രാത്രിയില്‍ വന യാത്ര അനുവദിക്കില്ല. കോയിക്കക്കാവ്, കാളകെട്ടി, അഴുത എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് രാത്രിയില്‍ തങ്ങി വിശ്രമിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പേരൂര്‍ത്തോടിലുള്ള ഫോറസ്റ്റ് വക സ്ഥലം വിശ്രമ ത്തിന് നല്‍കാമെന്നും വനം വകുപ്പ് അറിയിച്ചു. ടാക്‌സി, ഭക്ഷണം, പാര്‍ക്കിംഗ് എന്നിവയുടെ ഫീസുകള്‍ ഏകീകരിച്ച് നിശ്ചയിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തി. ചരക്ക് വാഹനങ്ങളില്‍ ഭക്തര്‍ യാത്ര ചെയ്യരുതെന്ന് അയല്‍ സംസ്ഥാനങ്ങളില്‍ അറിയിപ്പ് നല്‍കണമെന്ന് യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു.

മണ്ഡല കാലത്ത് 500 ആയിരിക്കും പോലീസിന്റെ അംഗബലം. മകരവിളക്ക് കാലത്ത് 300 പേര്‍ അധികമുണ്ടാകും. 180 പേരെ എന്‍എസ്എസ്, എന്‍സിസി ഉള്‍പ്പടെ വിഭാഗങ്ങളില്‍ നിന്നും സ്‌പെഷ്യല്‍ പോലിസ് ആയി നിയോഗിക്കും. രണ്ട് മാസം നീളുന്ന ഉത്സവകാലത്ത് 20 ദിവസങ്ങള്‍ അടങ്ങുന്ന മൂന്ന് ഫേസ് ആയാണ് പോലിസ് ഡ്യൂട്ടി. നിലവിലുള്ള 36 സിസി ക്യാമറകള്‍ക്ക് പുറമെ പ്രധാന സ്ഥലങ്ങളിലേക്ക് 14 ക്യാമറകള്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കണമല, ഓരുങ്കല്‍കടവ് എന്നിവിടങ്ങളില്‍ പോലിസ് ടെന്റ് ഉണ്ടാകും. കണമല അട്ടി വളവില്‍ ഇറക്കത്തിന് മുമ്പ് വാഹനങ്ങള്‍ നിര്‍ത്തിച്ച് കോണ്‍വെ ആയി കടത്തി വിടും. പോലിസ് കണ്‍ട്രോള്‍ റൂം 16 ന് ആരംഭിക്കും. ബൈക്ക് പട്രോളിംഗ് ഏര്‍പ്പെടുത്തും. പോലിസ് സേവന ഏകോപന ചുമതല കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വഹിക്കും. തീര്‍ത്ഥാടക വാഹന തിരക്ക് കൂടിയാല്‍ വാഹനങ്ങള്‍ പിടിച്ചിട്ട് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആറ് ഗ്രൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ വാഹനങ്ങളുടെ നമ്പര്‍, ഇനം, യാത്രക്കാരുടെ എണ്ണം, വന്നതും പോയതുമായ സമയം എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കും.

ആശുപത്രിയില്‍ 24 മണിക്കൂര്‍ സേവനം. ആറ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഐസി യുണിറ്റില്‍ മൂന്ന് ഡോക്ടര്‍ ഉള്‍പ്പടെ സ്റ്റാഫ് ഉണ്ടാകും. താല്‍ക്കാലിക ഡിസ്പെന്‍സറിയില്‍ അലോപ്പൊതി, ആയുര്‍വേദം, ഹോമിയോ ക്ലിനിക്കുകളിലായി 24 മണിക്കൂറും മൂന്ന് ഡോക്ടര്‍മാരുടെ സേവനമുണ്ടാകും. കാനന പാതയിലെ അഴുത, കോയിക്കക്കാവ്, മമ്പാടി എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലര്‍, കാളകെട്ടിയില്‍ ഡിസ്പെന്‍സറി എന്നിവയുണ്ടാകും. നാല് ആംബുലന്‍സുകള്‍ സേവനം നല്‍കും. ഒന്ന് കണമലയില്‍ ക്യാമ്പ് ചെയ്യും. മറ്റൊന്ന് ഡോക്ടര്‍ ഉള്‍പ്പടെ മൊബൈല്‍ ക്ലിനിക് ആയി കാനന പാതയില്‍ സേവനം നല്‍കും.125 പേര്‍ അടങ്ങുന്ന ശുചീകരണ തൊഴിലാളികള്‍ 16 മുതല്‍ സേവനം നല്‍കും.

കാനന പാതയില്‍ കോയിക്കക്കാവ് കഴിഞ്ഞുള്ള ദുര്‍ഘട കയറ്റം ഒഴിവാക്കി ഭക്തര്‍ക്ക് സഞ്ചരിക്കാന്‍ സാമാന്തര റോഡ് നിര്‍മിച്ചു. രണ്ട് ചപ്പാത്തുകളും ചെക്ക് ഡാമുകളും വന പാതയില്‍ പുനര്‍ നിര്‍മിച്ചിട്ടുണ്ട്. അഴുത നടപ്പാലത്തില്‍ ഇരുമ്പ് കൈവരികള്‍ നിര്‍മിച്ചു. കടവില്‍ സ്റ്റെപ്പുകളും നിര്‍മിച്ചു. പാതയില്‍ വെള്ളം, വെളിച്ചം, ടോയ്ലെറ്റ്, ദിവസവും പട്രോളിംഗ്, എലിഫന്റ് സ്‌ക്വാഡ് എന്നിവ സേവനമുണ്ടാകും

ഇത്തവണ എരുമേലി ബിഎസ്എന്‍എല്‍ ഓഫിസ് വളപ്പിലാണ് ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. കാളകെട്ടിയില്‍ താല്‍ക്കാലിക യുണിറ്റ് ഉണ്ടാകും. സീസണ്‍ കടകളില്‍ ഫയര്‍ റിമൂവര്‍ ഉപകരണം ഉണ്ടോയെന്ന് പരിശോധിക്കും.

മാലിന്യ സംസ്‌കരണത്തിന് മൂന്ന് ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇവര്‍ ക്ക് യൂസര്‍ ഫീസ് നല്‍കണം. അഞ്ച് ശുചിത്വ കേന്ദ്രങ്ങള്‍ തുറന്നു. ഓരുങ്കല്‍കടവില്‍ ടോയ്ലെറ്റ് സൗകര്യം ഉടനെ പൂര്‍ത്തിയാക്കും. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ടോയ്ലെറ്റ് പ്രവര്‍ത്തനക്ഷമമാക്കി. സ്റ്റാന്‍ഡ് ടാര്‍ ചെയ്യും. ബസ് പാര്‍ക്കിങ്ങിന് സ്ഥലം വാടക നല്‍ കി സജ്ജമാക്കും.പത്ത് സ്‌പെഷ്യല്‍ സര്‍വീസുകള്‍ എരുമേലി – പമ്പ റൂട്ടിലുണ്ടാകും. മകരവിളക്ക് സീസണില്‍ ഇത് 15 ആയി വര്‍ധിപ്പിക്കും. ഇതിന് പുറമെ കോട്ടയം, കുമ ളി, എറണാകുളം മേഖലയില്‍ നിന്നുള്ള സ്‌പെഷ്യല്‍ സര്‍വീസുകള്‍ എരുമേലിയു മാ യി ബന്ധിപ്പിച്ച് ഭക്തര്‍ക്ക് സേവനം നല്‍കും.

സീസണില്‍ ദിവസവും നൂറുകണക്കിന് ഭക്തര്‍ കുളിക്കാന്‍ എത്തുന്ന ഓരുങ്കല്‍കടവില്‍ പടവുകള്‍ നിര്‍മിച്ചില്ലെന്ന് എംഎല്‍എ യും ജില്ലാ കളക്ടറും യോഗത്തില്‍ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി. റോഡുകളില്‍ കാട് വെട്ടല്‍ പൂര്‍ത്തിയാകാത്തതും സീബ്രാ ലൈനുകള്‍, സിഗ്‌നല്‍ ബോര്‍ഡുകള്‍, വഴികാട്ടി ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ വൈകുന്നതും മരാമത്ത്, ദേശീയ പാതാ വകുപ്പുകളിലെ വീഴ്ചയായി. ഭക്തര്‍ക്ക് എരുമേലി ക്ഷേത്രത്തില്‍ സൗകര്യം പരിമിതികളില്‍ ആയതും കുളിക്കടവ് മാലിന്യങ്ങളില്‍ നിറഞ്ഞതും ഷവര്‍ ബാത്ത് സംവിധാനം നിലച്ചതും ദേവസ്വം ബോര്‍ഡിലെ വീഴ്ചയായി. യോഗത്തില്‍ പങ്കെടുക്കാതിരുന്ന ലീഗല്‍ മെട്രോളജി വിഭാഗത്തോട് വിശദീകരണം തേടണമെന്ന് എംഎല്‍എ നിര്‍ദേശം നല്‍കി. ജലവിതരണ പൈപ്പുകള്‍ പൊട്ടിയാല്‍ പരിഹരിക്കാന്‍ വൈകുന്നതും വിമര്‍ശിക്കപ്പെട്ടു. പ്രളയത്തില്‍ പൊളിഞ്ഞതാണ് ഓരുങ്കല്‍കടവിലെ കല്പടവുകള്‍. ഇപ്പോള്‍ ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞിട്ടും നിര്‍മാണം നടത്തിയില്ല. 17 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി എസ്റ്റിമേറ്റ് എടുക്കാമെന്ന ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്റെ വിശദീകരണം യോഗത്തില്‍ വിമര്‍ശിക്കപ്പെട്ടു. സീസണ്‍ പടിവാതിലില്‍ എത്തി നില്‍ക്കെ ഇനി അനുമതിയും കരാറും ഒക്കെയായി നിര്‍മാണം തുടങ്ങുമ്പോള്‍ അടുത്ത സീസണ്‍ ആകുമെന്ന് കുറ്റപ്പെടുത്തി എംഎല്‍എ പറഞ്ഞു. കക്കൂസുകള്‍, വെളിച്ചം, പടവുകള്‍ ഉള്‍പ്പടെ അടിയന്തിര സൗകര്യങ്ങള്‍ ഇവിടെ ഉടനെ നടത്തണമെന്ന് പഞ്ചായത്തിന് എംഎല്‍എ യും കളക്ടറും നിര്‍ദേശം നല്‍കി. യോഗം വഴിപാട് പോലെയായി മാറിയെന്നും വിമര്‍ശനമുണ്ടായി. മന്ത്രി തല യോഗം നടക്കാതിരുന്നതും ഇതുവരെ മുന്നൊരുക്ക യോഗം നടക്കാഞ്ഞതും വിമര്‍ശിക്കപ്പെട്ടു. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന അവസാന ദിവസം ഇന്നലെയായിരുന്നു. എന്തൊക്കെ ക്രമീകരണങ്ങള്‍ നടത്തിയെന്ന് വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ഇന്നലെ യോഗത്തില്‍ വിശദീകരിച്ചപ്പോള്‍ ഒരുക്കങ്ങളില്‍ മിക്കതും നടപ്പിലായിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു.