കാഞ്ഞിരപ്പള്ളി: കേരളത്തിലെ പത്ത് ലക്ഷത്തോളം വരുന്ന റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് കോണ്‍ഗ്രസ്സ് നടത്തുന്ന സമരങ്ങള്‍ക്ക് റബറിന്റെ നാടായ കാഞ്ഞിരപ്പള്ളിയില്‍ തിങ്കളാഴ്ച്ച തുടക്കം കുറിക്കും.

കേരളത്തിലെ റബര്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന ചിരട്ടപാല്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പിന്‍വലിക്കുക, റബര്‍ ബോര്‍ഡിനെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക,കര്‍ഷകര്‍ക്കുള്ള റബര്‍ ഇന്‍സന്റീവ് ഇരുന്നൂറു രൂപയായി ഉയര്‍ത്തുക, ആവര്‍ത്തന കൃഷിക്ക് നല്‍കി വന്ന സബ്‌സിഡി പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പട്ടിണി സമരം നടത്തുന്നതെന്ന് പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.

സമരത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ നടത്തുന്ന പരിപാടിയില്‍ ജില്ലയിലെ പ്രധാന പ്രവര്‍ത്തകരും, കര്‍ഷക സംഘടനകളുടെയും, റബര്‍ ഉല്‍പ്പാദക സംഘങ്ങളുടെയും പ്രതിനിധികള്‍ ബി. എസ്. എന്‍ .എല്‍ ഓഫീസിനു മുമ്പില്‍ ഏകദിന പട്ടിണിസമരത്തില്‍ പങ്കെടുക്കും.. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കുന്ന സമരത്തില്‍ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന – ജില്ലാ നേതാക്കളും, കര്‍ഷക സംഘടനാ നേതാക്കളും പങ്കെടുക്കും. സമാപന സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയ്യും.