റിജോ വാളാന്തറയെ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഈ ഭരണ സമിതിയുടെ കാലത്തെ മൂന്നാമത്തെ വൈസ് പ്രസിഡൻറാണ് റിജോ.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി എൽ.ഡി.എഫിലെ റിജോ വാളാന്തറയെ തെരഞ്ഞെടുത്തു. പഞ്ചായത്തിലെ പതിനെട്ടാം വാർഡംഗമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി നൈനാച്ചൻ വാണിപ്പുരയ്ക്കലിലെ ഏഴിനെതിരെ പതിനാറ് വോട്ടുകൾക്കാണ് റിജോ പരാജയപ്പെടുത്തിയത്.ബി.ജെ.പിയുടെ ഏക അംഗം മണി രാജു എൽ.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്തു. റിജോയുടെ പേര് കെ.ആർ തങ്കപ്പൻ നിർദേശിക്കുകയും ജോഷി അഞ്ചനാട് പിന്താങ്ങുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി ലാൻഡ് അക്വസേഷൻ (എൻ.എച്ച്) സ്പെഷ്യൽ തഹസീൽദാർ ബിന്ദു മോൾ കെ.എസ് വരണാധികാരിയായിരുന്നു. പതിനാലാം വാർഡംഗമായ കെ.ആർ തങ്കപ്പൻ വൈസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഭരണ സമിതിക്കും അതിന് നേതൃത്വം നൽകുന്ന എൽ.ഡി.എഫിനും ഒപ്പം ചേർന്ന് നിന്നു കൊണ്ട് കാഞ്ഞിരപ്പള്ളി പഞ്ചായത്തിനെ വികസന മുന്നേറ്റത്തിലേയ്ക്ക് നയിക്കുമെന്ന് റിജോ പറഞ്ഞു.

വൈസ് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലും എൽ.ഡി.എഫിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എന്ന ആരോപണം പാർലമെന്ററി പാർട്ടി ലീഡർ കൂടിയായ സജിൻ വട്ടപ്പള്ളിൽ നിഷേധിച്ചു.

റിജോ വാളാന്തറയ്ക്ക് വോട്ടു ചെയ്യാനുള്ള തീരുമാനം വ്യക്തിപരം മാത്രമാണന്ന് ബി.ജെ.പി അംഗം മണി രാജു പ്രതികരിച്ചു. ഇതിൽ രാഷ്ട്രീയം കാണേണ്ടന്നും അവർ പറഞ്ഞു. ആദ്യ തവണയാണ് റിജോ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തംഗമാകുന്നത്. പി.സി ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം പാർട്ടിയുടെ യുവജന സംഘടനയുടെ ജില്ലാ പ്രസിഡന്റായിരുന്ന റിജോ പാർട്ടിയുടെയും, പാർട്ടി അധ്യക്ഷന്റെയും നിലപാട് മാറ്റത്തിൽ പ്രതിക്ഷേധിച്ച് സ്ഥാനമൊഴിയുകയായിരുന്നു. പി.സി ജോർജ് ബി.ജെ.പിക്കൊപ്പം ചേർന്നപ്പോഴും
എൽ.ഡി.എഫ് അംഗമായി മത്സരിച്ച് വിജയിച്ച റിജോ എൽ.ഡി.എഫിനും സി.പി.എമ്മിനും ഒപ്പം ഉറച്ചു നിന്നു. ഇതിനുള്ള അംഗീകാരം കൂടിയായാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനം. നേരത്തെ എൽ.ഡി.എഫ് ധാരണയനുസരിച്ച് റിജോയ്ക്ക് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനം ലഭിക്കേണ്ടതായിരുന്നു. എന്നാൽ പി.സി ജോർജിനൊപ്പം നിന്നു എന്നത് കൊണ്ട് അന്ന് ഇത് നഷ്ടമാവുകയായിരുന്നു. ഇപ്പോൾ കിട്ടിയ വൈസ് പ്രസിഡന്റ് സ്ഥാനം റിജോയ്ക്ക് വൈകി കിട്ടിയ അംഗീകാരം കൂടിയാണ്.