കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിൽ നിന്ന് ഈ വർഷം പടിയിറങ്ങുന്നത് നാല്പത്തിയഞ്ചു വർഷങ്ങൾക്കു മുമ്പ് കണ്ടുമുട്ടി ഉറ്റ സുഹൃത്തുക്കളായിത്തീർന്ന മൂന്നു പേർ. പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് ഫിലിപ്പ്, വൈസ് പ്രിൻസിപ്പലും സസ്യ ശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ ജോജോ ജോർജ്ജ്, ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ജെ. സി. കാപ്പൻ എന്നിവരാണ് ഈ വർഷം സേവനം പൂർത്തിയാക്കി വിര മിക്കുന്നത്.
നാലരപ്പതിറ്റാണ്ടു മുമ്പ് ചങ്ങനാശ്ശേരിയിൽ ഒരു ക്യാമ്പിൽ കണ്ടുമുട്ടി സുഹൃത്തുക്കളായി തീർന്ന മൂവരും വിവിധ വഴികളിലൂടെ സഞ്ചരിച്ച് വീണ്ടും സെൻറ് ഡൊമിനിക്സിൽ ഒ ന്നിക്കുകയായിരുന്നു.
പ്രിൻസിപ്പൽ റവ ഡോ ജയിംസ് ഫിലിപ്പ് വണ്ടൻമേട് ഇലഞ്ഞിപ്പുറം കുടുംബാംഗമാണ്. സെൻറ് ഡൊമിനിക്സിന്റെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. പൂനെയിൽ ഉന്നത പഠനം പൂർത്തിയാക്കി വൈദികനും 1997ൽ കോളജിലെ അദ്ധ്യാപകനുമായി. ബർസാർ, ഐ ക്യുഎസി കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മികച്ച ഗവേഷകനും ഗണിത ശാസത്രജ്ഞനുമായി പേരെടുത്ത അദ്ദേഹം അഞ്ചു ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീക രിക്കുകയും ദേശീയ അന്തർദേശീയ സെമിനാറുകൾ സംഘടിപ്പിക്കുകയും കോളജിൽ പു തിയ കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു. 2017ൽ പ്രിൻസിപ്പലായി നിയമിതനായി
ഡോ ജോജോ ജോർജ്ജ് 1988ൽ കോളജിൽ അധ്യാപകനായി തിർന്നു. കോളജ് ഗവേണിങ്ങ് ബോഡ് അംഗത്വം അടക്കമുള്ള വിവിധ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നതിനൊപ്പം സസ്യശാസ്ത്ര വിഭാഗത്തെ ബിരുദ വിഭാഗമായും ബിരുദാനന്തര വിഭാഗമായും ഉയർത്തുകയും ചെയ്തു. മികച്ച ഭരണ കർത്താവും ഗവേഷകനുമെന്ന നിലയിൽ ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളുടെ ഭരണ സമിതികളിൽ അംഗമാണ്. സർവ്വകലാശാല സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ മുതലായ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. 2017 മുതൽ വൈസ് പ്രിൻസിപ്പൽ ചുമതല വഹിക്കുന്ന ഡോ ജോജോ ജോർജ്ജ് കോളജിൽ ബി വോക് പ്രോഗ്രാമുകൾ ആരംഭിച്ചു. എലിക്കുളം ഏറത്തു കുടുംബാംഗമാണ്. ഭാര്യ അനിത ആനക്കല്ല് സെൻറ് ആന്റണീസ് സ്കൂൾ അദ്ധ്യാപികയാണ്.
പ്രൊഫ. ജെ. സി. കാപ്പൻ യുഎഇയിലെ ബ്രിട്ടീഷ് ബാങ്കിൽ ഓഫീസറായി പത്തു വർഷത്തെ സേവനത്തിനു ശേഷമാണ് 1998 ൽ സെന്റ് ഡൊമിനിക്സിലെ ഇംഗ്ലീഷ് അധ്യാപകനായത്. കോളജിലെ മുതിർന്ന അദ്ധ്യാപകനെന്ന നിലയിൽ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്ന അദ്ദേഹം മികച്ച കലാകാരനും സംഘാടകനുമാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ഫോർ കരിയർ എന്നീ മേഖലകളുടെ ആദ്യകാല വക്താവാണ്. ലയൺസ് ക്ലബിൽ നേത്യത്വത്തിലുള്ള അദ്ദേഹം സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമാണ്. ഭാര്യ അഞ്ജു.
ദീർഘകാല സൗഹൃദത്തിനു ശേഷം കലാലയത്തിൽ വീണ്ടും ഒന്നിച്ച മൂവരും സംതൃപ്തിയോടെ പിരിയുകയാണ്; സൗഹൃദം ഒരിക്കലും പിരിയില്ലെന്ന ഉറപ്പോടെ.