എല്ലാ താലൂക്ക് സപ്ലൈ ആഫീസുകള്‍ വഴിയും പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇക്കഴിഞ്ഞ റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോ എടുത്ത് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവരില്‍ നിന്നും ഇതുവരെ റേഷന്‍ കാര്‍ഡ് സ്വന്തമാക്കാത്തവരില്‍ നിന്നും താല്‍ക്കാലികമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരില്‍ നിന്നും പുതുക്കല്‍ സമയത്ത് ഫോട്ടോ എടുത്തിട്ടും ഒരു ലിസ്റ്റിലും ഉള്‍പ്പെടാത്തവരില്‍ നിന്നും മാത്രമേ അപേക്ഷ സ്വീകരിക്കൂ.
നിലവില്‍ ഏതെങ്കിലും റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള ആളുകളുടെ പേര് കുറവ് ചെയ്ത് പുതിയ റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുളള അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നതല്ല. റേഷന്‍ കാര്‍ഡിലെ തെറ്റു തിരുത്തല്‍, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുളള അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷാ ഫോറം സിവില്‍ സപ്ലൈസ് വകുപ്പിന്റെ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം  www.civilsupplieskerala.gov.in)   താലൂക്ക് സപ്ലൈ ആഫീസില്‍ നിന്നും അപേക്ഷാഫോറം സൗജന്യമായി ലഭിക്കും.
അപേക്ഷയോടൊപ്പം പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍ നിന്നും ലഭിക്കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസില്‍ നിന്നു ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, എല്ലാ അംഗങ്ങളുടേയും ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, കാര്‍ഡ് ഉടമയുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയ രേഖകളും ഹാജരാക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ റേഷന്‍ ഡിപ്പോകളിലും വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലും പ്രദര്‍ശിപ്പിക്കും.