കാഞ്ഞിരപ്പള്ളി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാജന്‍ പെരുമ്പക്കാട്ട് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നു. കെപിസിസി നിര്‍വാഹ കസമിതിയംഗവും ദളിത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്നു രാജന്‍ പെരുമ്പക്കാട്ട്.

ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോണ്‍ഗ്രസില്‍ പരിഗണന കിട്ടുന്നില്ലെന്നാരോപിച്ചാണ് പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുന്നതെന്ന് കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ദളിത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായ രാജന്‍ പെരുമ്പക്കാട്ട് പറഞ്ഞു. ഇനി ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

മാസങ്ങളയി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അകന്നു കഴിഞ്ഞ ഇദ്ദേഹം ലോകസഭാ ഇലക്ഷനില്‍ സജീവമല്ലായിരുന്നു. ദീര്‍ഘകാലമായി എ വിഭാഗക്കാരനായിരുന്ന രാജന്‍ അടുത്തയിടെ ഐ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയായിരുന്നു. പാര്‍ട്ടിയില്‍ സജ്ജീവ പ്രവര്‍ത്തകനായിരുന്ന സമയത്ത് കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് താമസമാക്കിയിരുന്ന ഇദ്ദേഹം പിന്നീട് തന്റെ തട്ടകം മുണ്ടക്കയത്തേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ കോട്ടയത്താണ് താമസം.