എരുമേലി : പോലിസ് നൽകിയ ഹാൻഡ് മൈക്കിലൂടെ അയ്യപ്പ ഭക്തൻ നോട്ടീസ് ഉറക്കെ വായിച്ചു. ചുറ്റും കൂടിയ തീർത്ഥാടക സംഘം അവയെല്ലാം പ്രതിജ്ഞയായി ഏറ്റുചൊല്ലി. മാലിന്യങ്ങളി ൽ നിന്നുളള മുക്തിയാണ് ശരിയായ തീർത്ഥാടനമെന്നും അതി നായി ശുചിത്വം പാലിക്കാനും പ്ലാസ്റ്റിക് ഒഴിവാക്കാനും ക്ഷമയോ ടെ ക്യൂ നിന്ന് ഊഴമനുസരിച്ച് ക്ഷേത്ര ദർശനം നടത്തുമെന്നും നദികളെ അനുഗ്രഹമായി നിലനിർത്താൻ യത്നിക്കുമെന്ന ഏഴ് കർമങ്ങളുടെ പ്രതിജ്ഞയായിരുന്നു നോട്ടീസിൽ.
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി പോലിസ് നടത്തുന്ന ബോധവൽക്കരണ മായാണ് തീർത്ഥാടക സംഘങ്ങളെ കൊണ്ട് ഉച്ചഭാഷിണി വഴി സപ്ത കർമ നോട്ടിസ് വായിപ്പിച്ചത്. എരുമേലി യിലെത്തുന്ന തീർത്ഥാടക സംഘങ്ങളുടെ അടുക്കൽ പോലിസ് എത്തി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചെറിയ ഉച്ച ഭാഷിണിയി ലൂടെ നോട്ടീസ് വായിപ്പിക്കുന്നതിലൂടെ ഗുണപരമായ മാറ്റമാണ് ദൃശ്യമാകുന്നത്.
നോട്ടീസ് വായിച്ച് പ്രതിജ്ഞ ചൊല്ലിയ സംഘങ്ങളെല്ലാം തന്നെ കൈവശമുളള പ്ലാസ്റ്റി ക് സാധനങ്ങൾ സംസ്കരണത്തിനായി സ്വമേധെയാ നൽകിയാണ് കടന്നുപോയത്. വലിയമ്പലത്തിലെ കുളിക്കടവും നടപ്പന്തലും ശുചീകരിക്കാൻ പോലിസുകാർക്കും വിദ്യാർത്ഥികൾക്കുമൊപ്പം തീർത്ഥാടകരും ഇറങ്ങി.
എരുമേലി പോലിസ് ക്യാമ്പ് അസി.കമാൻഡൻറ്റ് ജി അശോക് കുമാർ, സിഐ റ്റി ഡി സുനിൽകുമാർ, എസ്ഐ മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ബോധവൽക്കരണം. എരുമേലി സെൻറ്റ് തോമസ് ഹൈ സ്കൂളിലെ വിദ്യാർത്ഥി സംഘവും രണ്ട് ദിവസമായി ബോധവൽക്കരണ യജ്ഞത്തിൽ സജീവമാണ്.