മുണ്ടക്കയം ഈസ്റ്റ്: ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ മുകളില്‍ വീണ്ടും പുലി ഇറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ചെന്നാപ്പാറ ബി ഡിവിഷനിലെ ഫീല്‍ഡ് ഓഫീസര്‍ എം.എസ്. റെജിയുടെ വീടിന്റെ വരാന്തയിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ രാത്രി 9.30ന് സിറ്റൗട്ടില്‍ കിടന്നിരുന്ന പട്ടി കുരയ്ക്കുന്നത് കേട്ട് ലൈറ്റിട്ട് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് തൊട്ടു മുന്നില്‍ നിന്നു പുലി ഓടിപ്പോകുന്ന കാഴ്ച കണ്ടത്. പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തുനായ്ക്കള്‍ക്കു പരിക്കേറ്റിരുന്നു.

ഏതാനും നാളുകള്‍ക്കു മുമ്പ് എസ്റ്റേറ്റിലെ ജീവനക്കാരന്‍ പുലിയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മേഖലയിലെ പശു, നായ അടക്കമുള്ള നിരവധി വളര്‍ത്തുമൃഗങ്ങളാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. പരാതി വ്യാപകമായതോടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുലിയുടെ സാന്നിധ്യം തിരിച്ചറിയുവാനായി വനംവകുപ്പ് മേഖലയില്‍ കാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെ വീണ്ടും പുലി പ്രത്യക്ഷപ്പെട്ടത് നാട്ടുകാരില്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. കുട്ടികളും പ്രായമായവരുമടക്കം നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടും നിരവധി ആളുകള്‍ പുലിയെ നേരിട്ടു കണ്ടിട്ടും ആവശ്യമായ നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് തയാറാകുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

മേഖലയില്‍ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നും അല്ലാത്തപക്ഷം ഫോറസ്റ്റ് ഓഫീസിലേക്ക് പ്രക്ഷോഭം അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഫീല്‍ഡ് ഓഫീസര്‍ എം.എസ്. റെജി, എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ ശരത് ഒറ്റപ്ലാക്കന്‍, യൂണിയന്‍ പ്രതിനിധികളായ സുനില്‍ കുമാര്‍, പി.കെ. ബെന്നി, അഷ്റഫ്, ബാബു തുടങ്ങിയവര്‍ അറിയിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.