കാഞ്ഞിരപ്പള്ളി:കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫിന്റെ രാജി. തുടര്‍ന്ന് വരുന്ന ഒരു വര്‍ഷം കോണ്‍ഗ്രസിലെ ആശാ ജോയിയായിരിക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ഇതിന് ശേഷമുള്ള രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം.വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞ് കൊണ്ട് രാജി കത്ത് സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് അന്നമ്മ ജോസഫ് അറിയിച്ചു.പാര്‍ട്ടി ജില്ല നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് രാജി. രണ്ടര വര്‍ഷം എന്നതായിരുന്നു നേരത്തെ ഉണ്ടാക്കിയ ധാരണ. ഇതിന് വിരുദ്ധമായി സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ നടത്തിയ രാഷ്ട്രിയ നീക്കമാണ് തന്റെ രാജിയില്‍ കലാശിച്ചത്.ഇക്കാലയളവില്‍ ഉയര്‍ന്ന് വന്ന അഴിമതി അരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഒരു വര്‍ഷം കൂടി സ്ഥാനം നിലനിര്‍ത്താന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തനിക്കെതിരെ നീങ്ങുകയായിരുന്നുവെന്നും അന്നമ്മ ജോസഫ് ആരോപിച്ചു
കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ബ്ലോക്ക് പഞ്ചായത്തില്‍ വന്‍ വികസന മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതായും അന്നമ്മ ജോസഫ് അവകാശപ്പെട്ടു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതി തുക ചെലവഴിക്കുന്നതില്‍ ജില്ലയില്‍ അഞ്ചാം സ്ഥാനത്ത് എത്തുവാന്‍ കഴിഞ്ഞു.

ഇന്ദിര ആവാസ് യോജന ഭവന പദ്ധതി പ്രകാരം മുടങ്ങി കിടന്ന അഞ്ഞൂറ് വീടുകളുടെ പണികള്‍ പൂര്‍ത്തിയാക്കി.പി.എം എ വൈ (ജി) പദ്ധതി പ്രകാരം 2016- 17 കാലയളവില്‍ 36 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞത് വഴി ജില്ലയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു എന്നതും വലിയ നേട്ടമാണ്.