കാഞ്ഞിരപള്ളി:  കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത വനവും, കോട്ടയം ജില്ലയിലെ ഏക റിസര്‍വ് വനവുമായ പൊന്തന്‍പുഴ വനം പണവും സ്വാധീനവുമുള്ള സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള ആസൂത്രിതമായ ഗൂഡാലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുകയാണ് എന്ന് കോണ്‍ഗ്രസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി റോണി കെ. ബേബിയും കറുകച്ചാല്‍ ബ്ലോക്ക് പ്രസിഡണ്ട് ജോ തോമസ്‌ പായിക്കാടും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

 കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലും, പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലുമായി വ്യാപിച്ചുകിടക്കുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയും, ചരിത്ര ഐതിഹ്യ പഴമകള്‍ക്കൊണ്ട് പ്രശസ്തവുമായ എഴായിരത്തോളം ഏക്കര്‍ വനഭൂമിയില്‍ സര്‍ക്കാരിനുള്ള അവകാശം കഴിഞ്ഞ ആഴ്ച്ചയില്‍ വന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിയോടെ നഷ്ട്ടപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരിനുവേണ്ടി ഹൈക്കോടതി യില്‍ ഹാജരായ അഭിഭാഷകന്‍ കേസ്സുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി ഹാജരാ ക്കാതെ സ്വകാര്യ വ്യക്തികള്‍ക്ക് അനുകൂലമായി കേസ്സ് അട്ടിമറിക്കുകയാണ് ഉണ്ടായത്.

 1980 ലെ കേന്ദ്ര വനസംരക്ഷണനിയമവുമായി ബന്ധപ്പെട്ട് 12/12/1996 ല്‍ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട്‌ കേസ്സിലെ സുപ്രീം കോടതി വിധിയും, 2003 ലെ ഇ.എഫ്.എല്‍ ആക്റ്റും , 1971 ലെ കേരള ഫോറസ്റ്റ് വെസ്റ്റിംഗ് ആന്‍ഡ്‌ അസൈന്‍മെന്‍റ് ആക്റ്റും, പൊന്തന്‍പുഴ വനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിന് അനുകൂലമായ 1991 ലെ ഹൈകോടതി വിധിയും യഥാസമയം കോടതിയില്‍ ഹാജരാക്കാതെ സര്‍ക്കാര്‍ അഭിഭാഷകന്‍ ദയനീയ മായി പരാജയപ്പെട്ടത് ദുരൂഹമാണ്. സര്‍ക്കാരിന് അനുകൂലമാകുമായിരുന്ന ഈ നിയമങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കൊണ്ടുവരാതിരുന്ന ത്  വിധിന്യായത്തില്‍ തന്നെ ചൂണ്ടികാണിച്ചിട്ടുണ്ട്.

        ഇത്രയും പ്രധാനപ്പെട്ട ഒരു കേസ്സില്‍ ഹൈക്കോടതിയുടെ ഏകപക്ഷീയമായ വിധി ഉണ്ടായത് സര്‍ക്കാര്‍ അഭിഭാഷകന്‍റെ അനാസ്ഥ മൂലമാണ്. 2010 ജനുവരി 10 ന് രാവിലെ അന്തിമവാദം കേട്ട കോടതി അന്നു ഉച്ചകഴിഞ്ഞ് തന്നെ വിധി പറഞ്ഞ അസാധാരണമായ സാഹചര്യം ഉണ്ടായിട്ടും വിഷയത്തില്‍ മൗനം പാലിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍റെ നില പാട് സംശയാസ്പദമാണ്. ഇതില്‍ ഉന്നതതല ഗൂഡാലോചനയുണ്ട്. വനം സംരക്ഷിക്കണ മെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ തന്നെ 2016 ലെ ഉത്തരവുപോലും കോടതിയി ല്‍ ചൂണ്ടികാണിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരാജയപ്പെട്ടു.

 പൊന്തന്‍പുഴ വനത്തില്‍ സര്‍ക്കാരിന് അവകാശമില്ല എന്ന വിധി വന്നതോടെ വനത്തി നു ചുറ്റും താമസിക്കുന്ന ആയിരകണക്കിന് കര്‍ഷകരുടെ പട്ടയസ്വപ്നങ്ങളിന്മേലും ഇടിത്തീ വീണിരിക്കുകയാണ്.വനത്തിനു ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങള്‍ ആയ മുക്കട, ആലപ്ര, പ്ലാച്ചേരി, ചാരുവേലി, പൊന്തന്‍പുഴ, ചുങ്കപ്പാറ, പെരുമ്പെട്ടി, പുളിക്കപ്പാറ, മേലേല്‍കവല തുടങ്ങിയ സ്ഥലങ്ങളില്‍ പതിറ്റാണ്ടുകള്‍ ആയി പട്ടയത്തിന് കാത്തിരിക്കു ന്ന ആയിരക്കണക്കിന് കര്‍ഷകരെയും കോടതിവിധി പ്രതികൂലമായി ബാധിക്കും.

പട്ടയം നല്‍കുന്നതിനു മുന്നോടിയായി  ഇവര്‍ക്ക് 2005 ലെ യു.ഡി.എഫ് സര്‍ക്കാര്‍ കൈവശരേഖ നല്‍കിയിരുന്നു. കൂടാതെ അഞ്ഞൂറില്‍പ്പരം ഭൂരഹിത കുടുംബങ്ങളാണ് പൊന്തന്‍പുഴ വനമേഖലയില്‍ താമസിക്കുന്നത്. കോടതിവിധി എതിരായതോടുകൂടി ഇവരെല്ലാം കുടിയിറക്കല്‍ ഭീക്ഷണിയിലാണ്. കൂടാതെ വനത്തില്‍ നൂറോളം ഏക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഊട്ടുപാറ ഉള്‍പ്പടെയുള്ള അമൂല്യ പ്രകൃതി വനവിഭവ ങ്ങള്‍ ഖനന, ഭൂമാഫിയകളുടെ കയ്യില്‍ എത്താന്‍ പോവുകയാണ്.

മുന്‍പ് പൊന്തന്‍പുഴ വനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായപ്പോള്‍  പ്രതിപക്ഷ നേതാവായിരുന്ന ശ്രീ. വി.എസ് അച്ചുതാനന്ദന്‍ സ്ഥലം സന്ദര്‍ശിക്കുകയും വളഞ്ഞ മാര്‍ഗങ്ങളിലൂടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ഭൂമാഫിയക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ കോടതി വിധി സര്‍ക്കാരിന് എതിരായത്തിനുശേഷം വിഷയത്തില്‍ അദ്ദേഹം പ്രതികരിക്കാത്തത് ദുരൂഹമാണ്. കേസ്സ് സര്‍ക്കാരിന് എതിരാണ് എന്ന വിവരം താന്‍ അറിഞ്ഞില്ല എന്ന വനം മന്ത്രിയുടെ പ്രതികരണവും നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്.

  ആയതിനാല്‍ കേസ്സ് സര്‍ക്കാര്‍ തോല്‍ക്കാന്‍ ഇടയായ സാഹചര്യങ്ങളെ ക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും, വനം സര്ക്കാരിന്‍റെ തന്നെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും, പ്രദേശത്തെ അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അതിശക്തമായ സമരം ഉടന്‍ ആരംഭിക്കുകയാണ് എന്നും റോണി കെ. ബേബിയും, ജോ തോമസ്‌ പായിക്കാടും അറിയിച്ചു.