എരുമേലി ദേവസ്വം ബോര്‍ഡ് വക സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നു മാലിന്യം പുറത്തേക്കൊഴുകുന്നെന്ന പരാതിയെ തുടര്‍ന്ന് കലക്ടര്‍ ബി.എസ്.തിരുമേനി സ്ഥലം സന്ദര്‍ശിച്ചു. പ്ലാന്റില്‍ നിന്ന് മാലിന്യം പുറത്തേക്ക് പോകുന്നെന്ന് ഇനിയും ബോധ്യ പ്പെട്ടാല്‍ അടച്ചു പൂട്ടാന്‍ പഞ്ചായത്തിന് അധികാരമുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ചോര്‍ച്ച സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് എന്നിവരോട് കലക്ടര്‍ നിര്‍ദേശിച്ചു.സീസണ്‍ ഒരു മാസം അടുക്കുന്നതിനിടെ എരുമേലിയില്‍ ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് എത്തുന്നത്. 
ദേവസ്വം ബോര്‍ഡിന്റെ നൂറുകണക്കിന് ശുചിമുറി യൂണിറ്റുകളില്‍ നിന്നുള്ള മാലിന്യമാണ് ഇതോടെ സീവേജ് പ്ലാന്റില്‍ എത്തുന്നത്. മതിയായ സംസ്‌കരണം നടക്കാത്തതിനാല്‍ മാലിന്യം പുറത്തേക്കൊഴുകുന്നെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ സംസ്‌കരണം നടക്കുന്നുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.