ദേശിയപാത 183ല്‍ പേട്ടക്കവലയിലെ പാലത്തിന് സമീപം ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. ട്രയല്‍ റണ്ണിന്റെ ഭാഗമായി വെള്ളം തുറന്ന് വിട്ടപ്പോഴാണ് പൈപ്പ് പൊട്ടി റോഡ് തകര്‍ന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ പനച്ചേപ്പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കില്‍ നിന്നും കാഞ്ഞിരപ്പള്ളി ടൗണ്‍ഭാഗത്തേക്ക് വെള്ളം എത്തിക്കുന്നതിന് സ്ഥാപിച്ചിരിക്കുന്ന പൈപ്പാണ് പൊട്ടിയത്. റോഡിന്റെ ടാറിങ് പൊട്ടി ഇളകിയ നിലയിലാണ്. വെള്ളം പൊട്ടിയൊഴുകിയത് വ്യാപാരികളെയും ദുരിതത്തിലാക്കി. വാഹനങ്ങള്‍ കടന്ന് പോകുന്നതിനിടെ സമീപത്തെ പലചരക്ക് കടയിലടക്കം വെള്ളം കയറി നാശനഷ്ടമുണ്ടായി.50 മീറ്ററോളം ഭാഗത്തെ ടാറിങ് പൂര്‍ണ്ണമായും നശിച്ച നിലയിലാണ്. ഒഴുക്കിന്റെ ശക്തിയില്‍ ടാറിങ്ങ് പൊളിഞ്ഞ് പോവുകയായിരുന്നു.

കരിമ്പുകയം പദ്ധതിയുടെ പനച്ചേപ്പള്ളി സ്ഥാപിച്ചിരിക്കുന്ന ടാങ്കില്‍ നിന്നും കാഞ്ഞിരപ്പള്ളി ടൗണിലെ വിവിധ സ്ഥലങ്ങളിലേക്ക് ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈനാണ് പൊട്ടിയത്. പരിശോധനകള്‍ക്കായി വെള്ളം തുറന്ന് വിട്ടതാണെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ പറഞ്ഞു. അരമണിക്കൂറോളം റോഡിലൂടെ വെള്ളമൊഴുകി. മുന്‍പും സമാനമായ രീതിയില്‍ പരിശോധനയക്കിടെ പൈപ്പ് ലൈനുകള്‍ പൊട്ടി റോഡ് തകര്‍ന്നിരുന്നു.

ഇതിന് മുന്‍പ് ട്രയല്‍ റണ്ണിനിടെ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവിന് സമീപവും, കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡില്‍ വിവിധ സ്ഥലങ്ങളിലായും ട്രയല്‍ റണ്ണിനിടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നിരുന്നു. ഇതിനിടെ പൈപ്പ് ലൈനുകള്‍ അടിക്കിടെ പൊട്ടുന്നതിന് കാരണം ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിച്ചതിനാലാണെന്നാണ് ആരോപണമുയരുന്നത്.