പെരുവന്താനം: ഓൺലൈൻ വിഡിയോ കോൾ ഗ്രാമസഭ പെരുവന്താനം പഞ്ചായത്ത് രണ്ടാം വാർഡിൽ മന്ത്രി കെ.ടി.ജലീൽ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.വൈ.നിസാറിന്റെ നേതൃത്വത്തിലാണ് ഓൺലൈൻ ഗ്രാമസഭ എന്ന പദ്ധതി രണ്ടാം ഘട്ടമായി പരീക്ഷിച്ചത്. പഞ്ചായത്തിന്റെ രണ്ടാം വാർഡിൽ അൻപതോളം ആളുകളാ ണ് വിദേശത്ത് ജോലി ചെയ്യുന്നത്.

നാളുകളായി പ്രവാസ ജീവിതം നയിക്കുന്ന വാർഡിലെ ജനങ്ങളെ ഉൾപെടുത്തി ഗ്രാമസഭ ചേരണമെന്ന ആശയം ഉദിക്കുകയും വിഡിയോ കോളിങ്ങിലൂടെ അതു പ്രാവർത്തികമാ ക്കുകയും ചെയ്തു. കമ്യൂണിറ്റി ഹാളിൽ നടന്ന ഗ്രാമസഭയിൽ ജനങ്ങൾക്ക് അഭിമുഖമാ യി സ്ഥാപിച്ച ടിവി സ്ക്രീനിൽ ഐഎംഒ എന്ന വിഡിയോ കോളിങ് ആപ്പിലൂടെയാണ് ക്രമീകരണം ഒരുക്കിയത്.സ്വാതന്ത്ര്യ സമര സേനാനി പി.എൻ.കൃഷ്ണൻ നായരെ യോഗത്തിൽ ആദരിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ഗ്രാമസഭയോടനുബന്ധിച്ച് രക്തഗ്രൂപ്പ് നിർണയ ക്യാംപും രക്തദാന സേന ഡയറക്ടറി രൂപീകരണവും നടന്നു.