പാമ്പാടിയിൽ 14 കാരി പീഡനത്തിനിരയായ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിലായി. പെൺ കുട്ടിയുടെ നാലരമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചിരുന്നു.ഇതോടെയാണ് പീഡനം പുറത്തറിഞ്ഞത്.

പാമ്പാടിയിൽ പതിന്നാലുകാരി പീഡനത്തിനിരയായ സംഭവത്തിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം സ്വദേശിയാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

കുറച്ചുനാളായി പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പെൺകുട്ടിയുടെ നാലരമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഇതോടെയാണ് പീഡനം പുറത്തറിഞ്ഞത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന കാര്യമറിഞ്ഞത്.

പ്രതിയെ സംരക്ഷിക്കാൻ പെൺകുട്ടി ഒരു കഥ മെനഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിലിൽ അജ്ഞാതനായ മധ്യവയസ്കൻ പീഡിപ്പിച്ചു എന്നായിരുന്നു പെൺകുട്ടിയുടെ ആദ്യമൊഴി. കരകൗശല വസ്തുക്കൾ വിൽക്കാനായി പാമ്പാടിയിൽ നിന്ന് മണർകാട് ടൗണിൽ എത്തിയപ്പോൾ അജ്ഞാതനായ മധ്യവയസ്കൻ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പറഞ്ഞിരുന്നത്.  ചുവന്ന കാറിലെത്തിയയാൾ കരകൗശല വസ്തുക്കൾ വാങ്ങാമെന്ന് വാഗ്ദാനം നൽകി കാറിൽ കയറ്റി. വഴിയിൽ വച്ച് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി മയക്കി. രണ്ട് മണിക്കൂർ കഴിഞ്ഞാണ് ഉണർന്നത്. ഉറങ്ങിപ്പോയ സമയത്ത് പീഡനം നടന്നിരിക്കാം എന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.