പാറത്തോട് പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിനും ശുചിത്വം, വിദ്യാഭ്യാസം എന്നിവയ്ക്കും മുൻഗണന നൽകിയുള്ള ബജറ്റ് വൈസ് പ്രസിഡന്‍റ് സിന്ധു മോഹൻ അവതരിപ്പിച്ചു. പ്രസിഡന്‍റ് ഡയസ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. 32,46,84,771 രൂപ വരവും 32,10,89,000 രൂപ ചെലവും 35,95,771 രൂപ നീക്കിയിരുപ്പും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

കൃഷി, മറ്റ് കാർഷിക വികസന പരിപാടികൾക്ക് 32 ലക്ഷം രൂപയും മൃഗ സംരക്ഷ ണം, പശ്ചാത്തല അനുബന്ധ സൗകര്യങ്ങൾക്ക് 54,50,000 രൂപയും മത്സ്യ കൃഷിക്ക് മൂന്ന് ലക്ഷവും ക്ഷീര വികസനത്തിന് ഏഴ് ലക്ഷവും മണ്ണ്, ജല സംരക്ഷണം, പ്രകൃതി സംരക്ഷണം എന്നിവയ്ക്ക് 12 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ജലസേചന പദ്ധതികൾക്ക് 50,70,000 രൂപയും വെള്ളപ്പൊക്ക നിവാരണത്തിന് 10 ലക്ഷവും ചെറുകിട വ്യവസായം, വ്യവസായ പരിശീലനം, കുടുംബശ്രീക്ക് റിവോൾവിംഗ് ഫണ്ട് എന്നിവയ്ക്ക് ഏഴ് ലക്ഷവും വിദ്യാഭ്യാസത്തിന് 14 ലക്ഷവും സ്പോട്സ്, യുവജനക്ഷേമം, കല, സംസ്കാരം എന്നിവയ്ക്ക് ഏഴ് ലക്ഷവും, വായനശാലയ്ക്ക് 6,75,000 രൂപയും നീക്കിവച്ചിട്ടുണ്ട്. ഗ്രാമസഭ, വാർഡ് സഭാകേന്ദ്രത്തിന് മൂന്ന് ലക്ഷം, ആരോഗ്യത്തിന് 22 ലക്ഷം, ശുചിത്വത്തിന് 70 ലക്ഷം,  പൊതു കുടിവെള്ള വിതരണത്തിന് ഏഴ് കോടി, ഭവന നിർമാണത്തിന് മൂന്ന് കോടി അന്പത് ലക്ഷം, വൈദ്യുതീകരണത്തിന് ഒരു ലക്ഷം, വൃദ്ധക്ഷേമത്തിന് 12 ലക്ഷം, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് അഞ്ച് ലക്ഷം എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്.
ദാരിദ്ര്യ ലഘൂകരണത്തിന് നാല് കോടി അന്പത് ലക്ഷവും സാമൂഹ്യ സുരക്ഷാ പെൻഷന് നാല് കോടിയും വനിത, ശിശുക്ഷേമ പരിപാടികൾക്ക് 69,50,000 രൂപയും പട്ടികജാതി ക്ഷേമ പ്രവർത്തനങ്ങൾക്ക് 34,20,000 രൂപയും പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾക്ക് 12,10,000 രൂപയും അങ്കണവാടി അനുപൂരക പോഷകാഹാരം, അനുബന്ധ പ്രവർത്തനങ്ങൾക്ക് 74 ലക്ഷവും ശ്മശാനത്തിന് എട്ട് ലക്ഷവും, റോഡ് മെയിന്‍റനൻസിന് 4,25,22,000 രൂപയും വകയിരുത്തിയിട്ടുണ്ട്.