ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂണ്‍ ആറിന് പൊൻകുന്നം പനമറ്റം ഗവണ്മെന്റ് എച്ച്എസ്എസിൽ നടക്കും. രാവിലെ 9.30ന് ഒന്നാം ക്ലാസിലെയും പ്ലസ് വണ്ണിലെയും വിദ്യാർഥികളെ സ്കൂളിൽ സ്വീകരിക്കും. സമ്മേളനത്തിൽ മന്ത്രി പി. തിലോത്തമൻ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി അധ്യക്ഷത വഹിക്കും. ജില്ലയിലെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങൾ എഇഒ ഓഫീസുകളിൽ എത്തിച്ചതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷൈലജകുമാരി അറിയിച്ചു. മാറ്റമുള്ള ഒൻപത്, പത്ത് ക്ലാസിലെ ഏതാനും പുസ്തകങ്ങൾ കൂടി എത്തിച്ചേരാനുണ്ട്. ജൂണ്‍ മൂന്നിന് പുസ്തകങ്ങൾ സ്കൂളുകളിൽ വിതരണം ചെയ്യും. വിദ്യാർഥികൾക്കുള്ള രണ്ടു ജോഡി യൂണിഫോമിനുള്ള കൈത്തറി തുണി അന്നേ ദിവസം നൽകും. സ്കൂൾ തുറക്കൽ ദിവസംമുതൽ ഉച്ചഭക്ഷണം നൽകാനും ക്രമീകരണങ്ങൾ പൂർത്തിയായി. കഴിഞ്ഞ വർഷം ബാക്കി സ്റ്റോക്കു വന്ന അരി തിരികെ നൽകി പുതിയ അരി സംഭരിക്കണമെന്ന് നിർദേശമുണ്ട്