എരുമേലി :  കൊടുംകാട്ടിലൂടെ കല്ലും മുളളും താണ്ടി ശബരിമലയിലേക്ക് പോകുന്ന സ്വാമിമാരിൽ അവശരാകുന്നവർക്ക് പുതുജീവനും ആശ്വാസവുമായി ഓക്സിജൻ പാർലറുകൾ പ്രവർത്തനം തുടങ്ങി. മൂന്ന് വർഷം മുമ്പ് വരെ കാനനപാതയിൽ ഓരോ തീർത്ഥാടനകാലത്തും ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം 40 മുതൽ 60 വരെയായിരുന്നു. എന്നാൽ രണ്ട് വർഷമായി  മരണനിരക്കിൻറ്റെ പട്ടിക ശൂന്യമാണ്. ഇതിന് നന്ദി പറയേണ്ടത് മുൻ കോട്ടയം കളക്ടർ യു.വി.ജോസിനോടാണ്.
കോട്ടയം ജില്ലാ കളക്ടറായിരിക്കെ ശബരിമല സീസണിൽ എരുമേലിയിലെത്തിയ അദ്ദേ ഹം കാനനപാതയിൽ ഹൃദയാഘാത മരണങ്ങൾ വർധിച്ചതറിഞ്ഞ് ഓക്സിജൻ പാർല റുകൾ ആരംഭിക്കാൻ ഫണ്ട് അനുവദിച്ചു. ഇതോടെ കഴിഞ്ഞ തീർത്ഥാടനകാലത്ത് മരണ ങ്ങളുണ്ടായില്ല. ഇത്തവണയും പാർലറുകൾ ആരംഭിക്കാൻ ആരോഗ്യ വകുപ്പ് പ്രത്യേക മായി നടപടികൾ സ്വീകരിക്കുകയായിരുന്നു. കാനനപാത ആരംഭിക്കുന്ന കോയിക്കക്കാ വിൽ ഓക്സിജൻ പാർലറും ആംബുലൻസ് സേവനവുമുണ്ട്.
തുടർന്നുളള പാതയിൽ മമ്പാടി, അഴുത എന്നിവിടങ്ങളിൽ ഓക്സിജൻ പാർലറുകളും അഴുതയിൽ ഡിസ്പെൻസറിയും ഇവ കൂടാതെ മൊബൈൽ മെഡിക്കൽ എയ്ഡ് യൂണിറ്റും തുടങ്ങിയിട്ടുണ്ട്. കാനനപാതയിൽ അവശരാകുന്നവരെ സ്ട്രക്ചറിൽ കിടത്തി പാർലറിലെത്തിക്കാൻ സന്നദ്ധ പ്രവർത്തകരുമുണ്ട്. ഓക്സിജൻ പാർലറുകളുടെയും പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം മെഡിക്കൽ ഓഫിസർ ഡോ.പി വിനോദ് നിർവഹിച്ചു.
ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ എം വി ജോയി, ഹെൽത്ത് ഇൻസ്പെക്ടർ പി എം ജോസഫ്, ജൂനിയർ ഇൻസ്പെക്ടർമാരായ വിനോദ് കുമാർ, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രങ്ങളുടെ പ്രവർത്തനം.