മണ്ണാറക്കയം തോണിപ്പാറ ടി.പി.സോനുവിന് സിനിമയും എഴുത്തുമാണ് സ്വപ്‌നം. ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയിൽ തന്നെ നാല് പുരസ്‌കാരങ്ങൾ തേടിയെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആദ്യ ഹ്രസ്വ ചിത്രത്തിന്. സോനു ഒരുക്കിയ നൈറ്റ് കോൾ എന്ന ഹ്രസ്വചിത്രമാണ് നേട്ടം സ്വന്തമാക്കിയത്.
പ്രേംനസീർ ഫൗണ്ടേഷനും തിരുവനന്തപുരം ഫിലിം ഫ്രറ്റേണിറ്റിയും ചേർന്ന് നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ മികച്ച ചിത്രം, മികച്ച തിരക്കഥ, സംവിധാനം, നടൻ എന്നീ ഇനങ്ങളിലാണ് സമ്മാനം. ശ്യാം മോഹനാണ് നടനുള്ള പുരസ്കാരം. ചിത്രം തിരക്കഥയൊരുക്കി സംവിധാനംചെയ്തത് സോനുവാണ്. ചലച്ചിത്ര സംവിധായകൻകൂടിയായ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ എന്നിവരാണ് നിർമിച്ചത്. ഡിസംബർ എട്ടിന് നേരമ്പോക്ക് എന്ന യുട്യൂബ് ചാനലിലൂടെ റിലീസ്ചെയ്ത ചിത്രം ഇതിനോടകം ആറ് ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു. തിരുവനന്തപുരം രേവതി കലാമന്ദിറിൽനിന്ന് സംവിധാനം പഠിച്ചിറങ്ങിയ സോനുവിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് നൈറ്റ് കോൾ.
ബി.ബി.എ. ബിരുദധാരിയായ സോനുവിന് സിനിമ തന്നെയാണ് സ്വപ്‌നം. സിനിമയിൽ എഴുത്താണ് ഇഷ്ടമേഖലയെന്ന് സോനു പറയുന്നു. ഓഡിയോ ബുക്കിൽ കണ്ടന്റ് റൈറ്ററായി ജോലിചെയ്യുന്ന സോനു മികച്ച തിരക്കഥകൾ രചിക്കാനുള്ള തയ്യാറെടുപ്പിലാണ്. മണ്ണാറക്കയം തോണിപ്പാറ സോമൻ-വിജയമ്മ ദമ്പതിമാരുടെ മകനാണ്. സഹോദരൻ: സോജു.