എരുമേലി : മാനസിക അസ്വാസ്ഥ്യമുളളയാള്‍ ഉടുവസ്ത്രം ഊരിയെറിഞ്ഞ് നഗ്‌നനായി നാട്ടുകാരെയും അയ്യപ്പഭക്തരെയും ആക്രമിച്ചു.കടകളില്‍ കയറി സാധനങ്ങള്‍ റോഡിലേക്ക് എറിഞ്ഞു നശിപ്പിച്ചു. വാഹനങ്ങളും യാത്രക്കാരും ഭീതിയോടെ വഴിയില്‍ കുടുങ്ങി.  രാവിലെ ഏഴ് മണിയോടെ ഇരുമ്പൂന്നിക്കരയില്‍ റോഡിലാണ് സംഭവം. സ്ത്രീകളും കുട്ടികളും തിരിഞ്ഞോടി. രണ്ടര മണിക്കൂര്‍ കഴിഞ്ഞ് പോലിസ് എത്തുന്നത് വരെ വിവസ്ത്രനായി മാനസിക നില തെറ്റിയ ആള്‍ അക്രമാസക്തനായി ഭീതി പരത്തുകയായിരുന്നു.

ബലം പ്രയോഗിച്ച് വസ്ത്രം ധരിപ്പിച്ച് ഇയാളെ പോലിസ് കൊണ്ടുപോയതോടെയാണ് ഭീതിയൊഴിഞ്ഞത്. തമിഴ്‌നാട് സ്വദേശിയായ ആളാണ് അക്രമകാരിയായതെന്ന് എരുമേലി പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറും സിഐ യുമായ റ്റി ഡി സുനില്‍ കുമാര്‍ പറഞ്ഞു. മാനസികാസാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ ചികിത്സക്കായി ചെങ്കല്‍കല്ല് മാനസികാരോ ഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സിഐ അറിയിച്ചു. വൈദ്യുതി പോസ്റ്റില്‍ കയറി നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാന്‍ വരെ ഇയാള്‍ ശ്രമം നടത്തിയിരുന്നു. പോസ്റ്റിന്റ്റെ ചുവട്ടിലെ മണ്ണ് ഇളക്കി മാറ്റി കുഴിയെടുക്കാനും ശ്രമിച്ചു.

സമീപത്തെ കടയിലെ സാധനങ്ങളും ഉപകരണങ്ങളും റോഡിലേക്ക് വലിച്ചെറിഞ്ഞു. തല്ലിത്തകര്‍ത്ത കസേരകളുടെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് അയ്യപ്പഭക്തരെയും നാട്ടുകാരെയും ഉപദ്രവിക്കാന്‍ ശ്രമിച്ചത്. എട്ട് അയ്യപ്പഭക്തര്‍ക്ക് അടിയേറ്റു. നാട്ടുകാര്‍ ബഹളം കൂട്ടി ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു. മാനസികരോഗിയാണെന്ന് മനസിലായതിനാല്‍ നാട്ടുകാര്‍ ഇയാളെ ഉപദ്രവിക്കാന്‍ മുതിര്‍ന്നില്ല. പോലിസ് എത്താന്‍ വൈകിയതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.