മോഷണങ്ങള്‍ പെരുകുന്‌പോള്‍ മുണ്ടക്കയം ടൗണില്‍ കാമറ നിരീക്ഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. അപകടങ്ങള്‍, മോഷണം, സാമൂഹിക വിരുദ്ധശല്യം, സംഘര്‍ഷങ്ങള്‍ തുടങ്ങിയവ പതിവാകുന്ന സാഹചര്യത്തി ലാണ് കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാന പാത കടന്നു പോകുന്നതുകൊണ്ട് നിരവ ധി പേര്‍ എത്തുന്ന സ്ഥലം കൂടിയാണ് മുണ്ടക്കയം ടൗണ്‍.

ജസ്‌നയുടെ കേസില്‍

ജസ്‌നയുടെ തിരോധാനം ഉള്‍പ്പെടെ പല കേസുകള്‍ക്കും മുണ്ടക്കയം ടൗണ്‍ പ്രദേശത്തെ വ്യാപര സ്ഥാപനങ്ങളിലെ കാമറകളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു അന്വേഷണ ഏജന്‍സികള്‍. എന്നാല്‍, പല ദൃശ്യങ്ങളും അവ്യക്തമായാണ് ലഭിച്ചത്. മുണ്ടക്കയം ടൗണ്‍ മേഖലയിലെ രണ്ടോ മൂന്നോ വ്യാപര സ്ഥാപനങ്ങളില്‍ മാത്രമാണ് കടയ്ക്കു പുറത്തു കാമറ സ്ഥാപിച്ചിരിക്കുന്നത്. മറ്റു കടകളില്‍ കാമറകള്‍ ഉള്ളിലാണ്. ഇക്കാരണത്താല്‍ പോലീസിനു പ്രയോജനപ്പെടുന്ന ദൃശ്യങ്ങള്‍ കിട്ടാറില്ല.

പട്ടാപ്പകല്‍ മോഷണം

കഴിഞ്ഞ ദിവസം മുണ്ടക്കയം പുത്തന്‍ ചന്തയില്‍ വ്യാപാരസ്ഥാപനം കുത്തിത്തുറന്നു മോഷണം നടന്നു. കൂട്ടിക്കല്‍ ഭാഗത്തുനിന്നിനു നിരവധി ബൈക്കുകള്‍ മോഷണം പോയ സംഭവവുമുണ്ടായി. മുണ്ടക്കയം ടൗണില്‍ നിരീക്ഷണ കാമറകള്‍ ഉണ്ടായിരുന്നെങ്കില്‍ മോഷ്ടാക്കളെ എളുപ്പത്തില്‍ കുടുക്കാമായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്പ് പട്ടാപ്പകല്‍ മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനുള്ളില്‍ പാര്‍ക്ക് ചെയതിരുന്ന ബൈക്ക് മോഷണം പോയിരുന്നു. ടൗണ്‍ മേഖലയിലെ ഒരു സ്ഥാപനത്തിലെ കാമറയില്‍ പോലും ദ്യശ്യം കിട്ടിയില്ല. ഒടുവില്‍ ബൈക്ക് ഉടമയും സുഹൃത്തുക്കളും ചേര്‍ന്നു കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെ കാമറയില്‍നിന്നാണ് മോഷ്ടാക്കള്‍ ബൈക്കുമായി നീങ്ങുന്ന ചിത്രം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികളെ എറണാകുളത്തുനിന്നു പിടികൂടി.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുണ്ടക്കയം ടൗണില്‍ കാമറകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടു പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ഡിപിസി അംഗീകാരം ലഭിച്ചില്ല. പഞ്ചായത്ത് ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്താന്‍ കഴിയില്ലെന്ന മറുപടിയാണ് അന്നു ലഭിച്ചത്. എരുമേലി, കാഞ്ഞിരപ്പള്ളി അടക്കമുള്ള ടൗണുകളില്‍ പോലീസ് കാമറകള്‍ സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കുന്‌പോഴും മുണ്ടക്കയത്തു കാമറ സ്ഥാപിക്കാനുള്ള യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അന്യസംസ്ഥാനങ്ങളില്‍നിന്നു കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന പ്രദേശം കൂടിയാണ് മുണ്ടക്കയം. ഇവിടെനിന്നാണ് സംസ്ഥാനത്തിന് പല ഭാഗത്തേക്കും ലഹരി കടത്ത്. അതിനാല്‍ മേഖലയില്‍ പോലീസിന്റെ കാമറ നിരീക്ഷണം അനിവാര്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.