പൊന്‍കുന്നം: ടൗട്ടേ ചുഴലിക്കാറ്റില്‍ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട ബാര്‍ജിലു ണ്ടായിരുന്ന ചിറക്കടവ് സ്വദേശി മരിച്ചു. ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം.ഇസ്മയിലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍(29) ആണ് മരിച്ചത്. പി.305 നമ്പര്‍ ബാര്‍ജിലായിരുന്നു ഇദ്ദേഹം. ഒഎന്‍ജിസി പ്രൊജക്ട് എന്‍ജിനിയറായിരുന്നു. മൂന്നുവ ര്‍ഷം മുന്പ് ജോലിയില്‍ പ്രവേശിച്ച സസിന്‍ മൂന്നുമാസം മുന്പ് നാട്ടിലെത്തി മടങ്ങി യതാണ്. സില്‍വി ഇസ്മയിലാണ് മാതാവ്. സഹോദരങ്ങള്‍: സിസിന, മിസിന.
ചിറക്കടവ് ഇടഭാഗം അരിഞ്ചിടത്ത് വീട് ഇന്നലെ വരെ ശുഭപ്രതീക്ഷയിലായിരുന്നു. സസിന്‍ വിളിക്കുമെന്നും തനിക്ക് കുഴപ്പമില്ല എന്നുമുള്ള വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്ന ഇസ്മയിലിനും ഭാര്യ സില്‍വിക്കും താങ്ങാനാവാത്ത വേദനയായി പൊന്നുമോന്റെ വേര്‍പാടിന്റെ വിളിയാണ് ഒടുവില്‍ എത്തിയത്. അടുത്തമാസം സസിന്റെ വിവാഹം നടക്കേണ്ട വീട് തിങ്കളാഴ്ച മുതല്‍ ശോകമൂകമായിരുന്നു. മുംബൈയില്‍ ബാര്‍ജ് ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ മുങ്ങിയ വാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ സസിനായി പ്രാര്‍ഥനയിലായിരുന്നു സുഹൃത്തുക്കളും. ആഹ്ലാദത്തിന്റെ മുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയിലേക്കാണ് ദുരന്ത വാര്‍ത്തയെത്തിയത്. മുംബൈയില്‍ ഒഎന്‍ജിസിയുടെ കരാര്‍ കമ്പനിയിലെ പ്രൊജക്ട് എന്‍ജിനിയറായിരുന്നു ഇരുപത്തൊന്പതുകാരനായ സസിന്‍ ഇസ്മയില്‍. മൂന്നുമാസം മുന്പാണ് വീട്ടിലെത്തി മടങ്ങിയത്. വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങളെല്ലാം അന്നുമുതല്‍ നടത്തിയതാണ്.
അപകടദിവസം മുതല്‍ പലതവണ വിളിച്ചുനോക്കി. പലപ്പോഴും ഫോണില്‍ കിട്ടാറില്ലാത്തതുകൊണ്ട് പ്രതീക്ഷ നശിച്ചില്ല. അപകടത്തില്‍പ്പെട്ടവരുടെ പേരുകളിലൊന്നും സസിനില്ലാത്തത് പ്രതീക്ഷയേറ്റി. ആ പ്രതീക്ഷകളാണ് ഇന്നലെ രാവിലെ കമ്പനി അധികൃതരുടെ സ്ഥിരീകരണത്തോടെ അസ്തമിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. കമ്പനി അധികൃതര്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതായി അടുത്ത ബന്ധുക്കള്‍ പറഞ്ഞു.