എരുമേലിയുടെ മുന്‍ പ്രസിഡന്റ്റ് മോളിമാത്യു ഓട്ടിസം ബാധിച്ച മൈസൂരിലെ ഒരു ഡസന്‍ കുട്ടികള്‍ക്ക് അമ്മയാണ്.

എരുമേലി : മലയാള ഭാഷയില്‍ അമ്മ എന്ന പദത്തിന് മൈസൂരിലെ ഒരു ഡസന്‍ കുട്ടികള്‍ ചൂണ്ടിക്കാട്ടുന്നത് എരുമേലിയുടെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്റ് മോളി മാത്യുവിനെയാണ് വനിതാ ദിനത്തിലും പതിവ് പോലെ 12 മക്കള്‍ക്കും മോളി മാത്യു അക്ഷരങ്ങള്‍ പറഞ്ഞു കൊടുത്തു. ഒപ്പം ഭക്ഷണം ഉരുളയുരുട്ടി വായില്‍ വെച്ചു കൊടുത്തു. ജന്മനാ സംഭവിച്ച ഓട്ടിസമെന്ന രോഗം പേറുന്ന മൈസൂരിലെ 12 കുട്ടികള്‍ക്ക് സ്വന്തം അമ്മയാണ് എരുമേലിയുടെ മുന്‍ ഭരണ സാരഥി.

രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പെ മനസില്‍ ആഗ്രഹിച്ചിരുന്നതാണ് ഈ സേവനമെന്ന് മോളി മാത്യു പറഞ്ഞു. എരുമേലി പരിയാരത്ത് വീട്ടില്‍ മോളി മാത്യു ഒരു തവണ മാത്രമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2010 ല്‍ സ്വന്തം വാര്‍ഡായ ഒഴക്കനാട് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി 360 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അന്ന് പ്രസിഡന്റ്റ് പദവി വനിതക്കായ എരുമേലിയില്‍ ഭരണം കിട്ടിയ യുഡിഎഫി ല്‍ ധാരണ പ്രകാരം ആദ്യ മൂന്ന് വര്‍ഷം പ്രസിഡന്റ്റായിരുന്നു മോളി മാത്യു. അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം കിട്ടിയിട്ടും ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് മോളി മാത്യു തീര്‍ത്തുപറഞ്ഞു. തെരഞ്ഞെടുപ്പില്‍ സഹപ്രവര്‍ത്തകര്‍ക്കായി പ്രചാരണത്തിനിറങ്ങിയെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞയുടനെ മൈസൂരിലേക്ക് വണ്ടി കയറി.

മൈസൂരിനടുത്ത് ജെട്ടിഹുണ്ടിയില്‍ സിഎംഐ സ്ഥാപനമായ ക്രിസ്റ്റ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് അക്കാദമിയിലേക്കായിരുന്നു ആ യാത്ര. ശാരീരികവും ബുദ്ധിപരവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികളെ സംരക്ഷിച്ച് പരിചരിച്ച് വിദ്യാഭ്യാസം നല്‍കുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ സേവനത്തില്‍ രണ്ട് വര്‍ഷം പിന്നിടുകയാണ് മോളി മാത്യു. അന്ന് എരുമേലിയില്‍ നിന്ന് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് മാത്യുവും പിന്നെ തിരികെ മടങ്ങിയില്ല. പ്രിയതമ തെരഞ്ഞെടുത്ത ജീവകാരുണ്യ സേവനത്തില്‍ സഹായവും തുണയുമായി ഒപ്പമുണ്ട് മാത്യുവും. എരുമേലിയില്‍ കഴിഞ്ഞയിടെ മകളുടെ വിവാഹത്തിന് വന്നയുടനെ തന്നെ മൈസൂരിലെ മക്കള്‍ വിളി തുടങ്ങിയെന്ന് പുഞ്ചിരിയോടെ മോളി മാത്യു പറഞ്ഞു.

വീണ്ടും മൈസൂരിലേക്ക് മടങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്നു മാത്യുവും. ഇരുവരും ഒരുമിച്ചാണ് ഓട്ടിസം ബാധിച്ച കുട്ടികളെ ശുശ്രൂഷിക്കുന്നത്. നാലര വയസ് മുതല്‍ 20 വയസ് വരെയുളള 12 കുട്ടികളാണുളളത്. പ്രാഥമിക കൃത്യം പോലും നിര്‍വഹിക്കാന്‍ വിശേഷ ബുദ്ധിയില്ലാത്ത ഇവരെ തിരിച്ചറിവിന്റ്റെ പടികള്‍ കയറ്റിക്കൊണ്ടിരിക്കുന്നു ഇരുവരും. സ്ഥാപനത്തിന്റ്റെ ഡയറക്ടര്‍ ഫാ. ജോസഫ് ആണ്. രവികുമാര്‍, ഭാര്യ രശ്മി, മകള്‍ അമ്മു, അധ്യാപിക അനിത എന്നിവരും ജീവനക്കാരായ രണ്ട് പേരുമാണ് മോളി മാത്യുവിനും ഭര്‍ത്താവിനുമൊപ്പം കുട്ടികളുടെ പരിചരണത്തിനുളളത്.

അധികാരം വീണ്ടും കിട്ടാന്‍ മത്സരിക്കുന്നവരുടെ ഇടയില്‍ രാഷ്ട്രീയം ഉപേക്ഷിച്ച് തിരിച്ചറിവില്ലാത്ത ഭിന്ന ശേഷിക്കാരായ ബാല്യങ്ങളെ പരിചരിക്കാന്‍ ജീവിതം സമര്‍പ്പിച്ച മോളി മാത്യുവും അതിന് നിഴല്‍ പോലെ തുണയായ ഭര്‍ത്താവും ഈ വനിതാദിനത്തിലെ മാതൃകയായ കാഴ്ചയാവുകയാണ്.