ക്രിസ്തുമസ് കാലത്ത് ഉല്പന്നങ്ങള്‍ ന്യായവിലയ്ക്ക് പൊതുജനങ്ങളില്‍ എത്തിക്കു മെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ അളവ്-തൂക്ക വകുപ്പു മന്ത്രി പി. തിലോത്തമന്‍. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഈ വര്‍ഷത്തെ കോട്ടയം ജില്ലാ ക്രിസ്തുമസ് ഫെയര്‍ കോട്ടയം സപ്ലൈകോ കോംപ്ലക്സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യപയോഗ സാധനങ്ങളുടെ വില ക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കുവാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. 
വില കുതിച്ചു കയറുന്നു എന്ന പ്രയോഗം ശരിയല്ല. ജിഎസ്ടി നടപ്പിലാക്കിയതു മുതല്‍ അരി വില കൂടിയെന്ന പ്രചരണം ഉണ്ട്. എന്നാല്‍ ഇത് സൂപ്പര്‍ മാര്‍ക്കറ്റിലും ഹൈപ്പര്‍ മാര്‍ക്കറ്റിലുമാണ്. പായ്ക്ക് ചെയ്തു വരുമ്പോള്‍ ജി.എസ്.ടി ഉള്‍ക്കൊ ള്ളുന്ന വിലയുടെ മുകളില്‍ കൂടിയ വിലയുടെ സ്റ്റിക്കര്‍ പതിച്ച് വില്പന നടത്തിയ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ നിന്നും എത്തുന്ന ജയ ബ്രാന്‍ഡ് അരിയാണ് പൊതുവെ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്.

ആന്ധ്ര അരിയെ കൂടുതല്‍ ആശ്രയിക്കാതെ മറ്റ് ബ്രാന്‍ഡുകളും വിപണിയില്‍ ഇറക്കാ ന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുകയാണ്. നെല്ലിന്റെ താങ്ങുവില കേന്ദ്രം വര്‍ദ്ധിപ്പിച്ചപ്പോള്‍ നഷ്ടം സഹിച്ചു കൊണ്ടു പോലും സര്‍ക്കാര്‍ വിപണിയില്‍ ഇടപ്പെട്ടു. നാളികേര ഉല്പാദനം കുറഞ്ഞതോടെ വെളിച്ചെണ്ണ വില വര്‍ദ്ധിച്ചു. കര്‍ഷകരില്‍ നിന്ന് 230 രൂപയ്ക്ക് വെളിച്ചെണ്ണ എടുത്ത് 90 രൂപയ്ക്കാണ് സര്‍ക്കാര്‍ വിപണിയില്‍ എത്തി ച്ചത്. ആറ് കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ സപ്ലൈകോയ്ക്ക് ഉണ്ടായത്.
പഞ്ചസാര വില പൊതു വിപണിയില്‍ 43 രൂപ എത്തിയപ്പോള്‍ സബ്സിഡി നിര ക്കില്‍ 22 രൂപയ്ക്കാണ് വില്പന നടത്തിയത്. 150 കോടി രൂപയുടെ സബ്സിഡി കൊണ്ട് 440 കോടി രൂപയുടെ ആനുകൂല്യമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ചെറുപ യറടക്കം പരിപ്പു വര്‍ഗ്ഗങ്ങള്‍ക്ക് വില കുറച്ചു. 135 രൂപയായ വറ്റല്‍ മുളക് 60 രൂപയ്ക്ക് നല്‍കി. ഉള്ളി വില കുറയ്ക്കുവാന്‍ ചെയ്യേണ്ട നടപടികളെക്കുറിച്ച് കൃഷി വകുപ്പുമായി ചേര്‍ന്ന് സപ്ലൈകോ ആലോചിക്കുകയാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി. ആര്‍ സോന ആദ്യ വില്പന നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ഗോപന്‍, സിപിഐ ജില്ലാ സെക്രട്ടറി സി. കെ ശശിധരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. പി ശ്രീലത നന്ദിയും പറഞ്ഞു. ഡിസംബര്‍ 16 മുതല്‍ 24 വരെയാണ് ക്രിസ്തുമസ് ഫെയര്‍ നടക്കുക. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഓണക്കാലത്ത് സപ്ലൈകോ സംഘടിപ്പിച്ച ‘ഓണം സമ്മാന മഴ’ പദ്ധതിയിലെ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു.