കാഞ്ഞിരപ്പള്ളി: കോരിച്ചൊരിയുന്ന മഴയ്ക്കൊപ്പം അതിശക്തമായി വീശിയ കാറ്റിൽ പൊടിമറ്റം സെന്റ് ജോസഫ് എൽപി സ്കൂളിന്റെ  മേൽക്കൂരയിലെ ഓടുകൾ തകർ ന്നുവീണപ്പോൾ കുട്ടികളെ കൈവിടാതെ അധ്യാപകർ കാത്തു.സ്കൂൾ വിട്ട് കുറച്ച് കുട്ടികൾ പോയ ഉടനെയാണ് കാറ്റ് ആഞ്ഞുവീശിയത്. ഒന്നാംക്ലാസിന്റെ മേൽക്കൂര തകർന്നു വീണപ്പോൾ അധ്യാപിക ട്രീസ ക്ലാസിലുണ്ടായിരുന്ന കുട്ടികളെ ഇരുകൈക ളും ചേർത്ത് മൂലയിലേക്കു മാറ്റിയതിനാലാണ് വൻ അപകടം ഒഴിവായത്. 
മേൽക്കൂരയിലെ ഓടുകളും പട്ടികകളും ഇളകി ബെഞ്ചുകളുടെയും മേശകളുടെയും മുകളിലേക്കു വീണു പൊട്ടിച്ചിതറി. വർഷങ്ങൾ പഴക്കമുള്ള മൂന്നു കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂളിന്റെ ഒന്നാം ക്ലാസും കംപ്യൂട്ടർ ലാബും പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് കൂടുതൽ തകർന്നത്.

കെട്ടിടത്തിന്റെ വരാന്തയുടെ മേൽക്കൂര പൂർണമായും തകർന്നു.  എതിർവശത്തുള്ള കെട്ടിടത്തിലെ ഓഫിസ് മുറിയുടെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി. സ്റ്റാഫ് റൂമിന്റെയും സ്റ്റേജിന്റെയും മേൽക്കൂരയിലെ ഓടുകൾ തകർന്ന് ഉള്ളിലേക്കു വീണു. ഈ കെട്ടിടത്തിലുണ്ടായിരുന്ന അധ്യാപകരും കുട്ടികളും ഒരു വശത്തേക്കു മാറിയതി നാലാണ് അപകടം ഒഴിവായത്. 
പ്രവർത്തിക്കാൻ കഴിയാത്ത വിധം തകർന്ന സ്കൂൾ വ്യാഴാഴ്ച മുതൽ പൊടിമറ്റം സെന്റ് ജോസഫ് പള്ളിയുടെ പാരിഷ് ഹാളിൽ താൽക്കാലികമായി പ്രവർത്തിക്കു മെന്ന് അധികൃതർ അറിയിച്ചു. മേൽക്കൂര തകർന്ന സ്കൂളിൽനിന്ന് ഇന്നലെത്തന്നെ പുസ്തകങ്ങളും കംപ്യൂട്ടറുകളും മറ്റു സാധനങ്ങളും മാറ്റി. കഴിഞ്ഞ വർഷം മാർ ച്ചിലാണ് സ്കൂൾ ശതാബ്ദി ആഘോഷിച്ചത്.

ഇന്നലെ സംഭവം ഉണ്ടായ ഉടൻ കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസ് ജോർജ്, വില്ലേജ് ഓഫിസർ എൻ.ജയപ്രകാശ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.