ഫാ സിബി മാത്യു പീടികയില്‍ ഐതപ്പെ  രൂപതാ മെത്രാന്‍…

കോട്ടയം: പാപ്പുവ ന്യൂഗ്വിനിയയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ ബിഷപ്പായി ഹെറാള്‍ഡ് ഓഫ് ഗുഡ് ന്യൂസ് സന്യാസ സമൂഹാംഗമായ ഫാ.സിബി മാത്യു പീടികയിലി നെ (50) ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.  കാഞ്ഞിരപ്പള്ളി രൂപതയിലെ പെരുവന്താനം അഴങ്ങാട് ഇടവക പീടികയില്‍ മാത്യു വര്‍ക്കിയുടെയും ഈഴോര്‍മറ്റം കുടുംബാംഗം അ ന്നക്കുട്ടിയുടെയും മൂന്നാമത്തെ പുത്രനാണ്.  മേലോരം സെന്റ് മരിയാ ഗൊരേത്തി യു. പി. സ്‌കൂളിലും  തെക്കേമല സെന്റ് മേരീസ്  ഹൈസ്‌കൂളിലെയും  പഠനത്തെ തുടര്‍ന്ന് ആന്ധ്രയിലെ കുരുക്കുരുവിലുള്ള  മൈനര്‍ സെമിനാരി,  ജ്ഞാനംപെട്ട് വിജ്ഞാനനിലയം,  റാഞ്ചി സെന്റ് ആല്‍ബര്‍ട്ട്‌സ എന്നിവിടങ്ങളിലായി  വൈദികപരിശീലനം പൂര്‍ത്തിയാ ക്കി 1995 ല്‍ വൈദിക പട്ടം സ്വീകരിച്ചു.

ആന്ധ്രപ്രദേശിലെ കമ്മം സെന്റ് ജോസഫ് മേജര്‍ സെമിനാരിയുടെ പ്രൊക്കുറേറ്ററും ആ ധ്യാത്മിക കാര്യങ്ങളുടെ ചുമതലകാരനുമായി നിയമിതനായ അദ്ദേഹം 1998ല്‍  പാപ്പുവ ന്യൂഗിനിയയിലേക്ക് അയയ്ക്കപ്പെട്ടു. 2004  ല്‍ മടങ്ങിയെത്തി കമ്മം മേജര്‍ സെമിനാരി റെക്ടറായും പലേഗുഡം  പള്ളി വികാരിയായും ചുമതല വഹിച്ചു. തുടര്‍ന്ന് ഹെറാള്‍ ഡ് ഓഫ് ഗുഡ് ന്യൂസ്  പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയി 2008 മുതല്‍ 2014 വരെ ശുശ്രൂ ഷ നിര്‍വഹിച്ചു.

2014 ല്‍ പാപ്പുവ ന്യൂഗ്വിനയിലെത്തിയ അദ്ദേഹം  വാനിമോ രൂപത വികാരി ജനറാള്‍, വിവിധ സെമിനാരികളില്‍ പ്രൊഫസര്‍ എന്നീനിലകളില്‍ ശുശ്രൂഷ ചെയ്തുവരികെയാണ് ഐതപ്പെ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ രണ്ടാമ ത്തെ  വലിയ ദ്വീപ് സമൂഹമാണ് പാപ്പുവ ന്യൂഗിനിയ. മെത്രാഭിഷേക തീയതി പിന്നീട് നിശ്ചയിക്കും. ജോസ് മാത്യു, ആന്‍സി ജോസ്, ബിന്‍സി സാബു, ജൂലി ജോസുകുട്ടി,  ടിജോ മാത്യു എന്നിവരാണ് സഹോദരങ്ങള്‍.

ആശംസകളുമായി കാഞ്ഞിരപ്പള്ളി രൂപത..
കാഞ്ഞിരപ്പള്ളി: പാപ്പുവ ന്യൂഗ്വിനിയയിലെ ഐതപ്പെ രൂപതാധ്യക്ഷനായി നിയമിതനായ ഫാ. സിബി മാത്യു പീടികയിലിനെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍  ജോസ് പുളിക്കലും മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും പ്രാര്‍ത്ഥനാശംസകള്‍  നേര്‍ന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ അഴങ്ങാട്  ഇടവകാംഗമായ ഫാ. സിബി പീടികയിലിന്റെ നിയമനം ഹെറാള്‍ഡ് ഓഫ് ഗുഡ് ന്യൂസ് സഭാസമൂഹത്തിനൊപ്പം മാതൃരൂപതയക്കും അഭിമാനം പകരുന്നതാണെന്ന്  മാര്‍ ജോസ് പുളിക്കലും മാര്‍ മാത്യു അറയ്ക്കലും പറഞ്ഞു. നിയുക്ത മെത്രാനെ ഇരുവരും ഫോണില്‍ വിളിച്ച് അനുമോദനം അറിയിച്ചു.