കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാന്‍ ദിവംഗതനായ മാര്‍ മാത്യു വട്ടക്കുഴിയുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു.  രാവിലെ 10.30ന് സെന്റ് ഡോമിനിക്‌സ് കത്തീദ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് പാലാ രൂപത മുന്‍ മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ മുഖ്യകാര്‍മ്മികനായിരുന്നു. രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, സീറോ മലബാര്‍ സഭാ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരാ യിരുന്നു.

വിശുദ്ധ കുര്‍ബാന മധ്യേ നടന്ന വചനസന്ദേശത്തില്‍ മാര്‍ മാത്യു അറയ്ക്കല്‍ അഭിവന്ദ്യ വട്ടക്കുഴി പിതാവിന്റെ ജീവിത ദര്‍ശനങ്ങളെ അനുസ്മരിച്ചു. കാഞ്ഞിരപ്പള്ളി രൂപത യുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വ മായിരുന്നു വട്ടക്കുഴിപ്പിതാവിന്റേത്. ജീവിതകാലത്ത് സല്‍കൃത്യങ്ങളാല്‍ ദൈവത്തെ പ്രസാദിപ്പിച്ച ആചാരന്യശ്രേഷ്ഠനായിരുന്നു മാര്‍ മാത്യു വട്ടക്കുഴി.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മനുഷ്യനായിരുന്ന വട്ടക്കുഴിപിതാവ് സ്ഥാപിച്ച നിരവധി ജീവകാരുണ്യ സ്ഥാപനങ്ങള്‍ അനേകായിരങ്ങള്‍ക്ക് ഇന്നും ആശ്വാസമേകുന്നു. തികഞ്ഞ മാതൃഭക്തനായ അഭിവന്ദ്യ പിതാവ് തിരുസഭയോടും, ദൈവവിളിയോടും, തന്റെ ദൗത്യത്തോടും വിശ്വസ്തത പുലര്‍ത്തി. ജീവിത ലാളിത്യവും, ദൗത്യനിര്‍വ്വഹ ണങ്ങളിലെ കൃത്യനിഷ്ഠയും, വിശ്വാസജീവിതത്തിലെ തീക്ഷ്ണതയും അഭിവന്ദ്യ വട്ടക്കു ഴിപിതാവിന്റെ ജീവിതമുദ്രയായിരുന്നുവെന്ന് അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് മഹാജൂബിലി ഹാളില്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥന നടത്തി. കാഞ്ഞിരപ്പള്ളി രൂപത നേരിട്ട് നടത്തുന്ന ഓര്‍ഫണേജുകളില്‍ പഠനത്തില്‍ മികവു പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.രൂപതയിലെ വൈദികരും, സന്യാസിനികളും, അല്മായ പ്രതിനിധികളും, സംഘടനാ ഭാരവാഹികളും അനുസ്മരണ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു. അനുസ്മരണ ചടങ്ങുകളെത്തുടര്‍ന്ന് വിശ്വാസികള്‍ക്ക് ശ്രാദ്ധ ഊണ് നല്‍കി. ഉച്ചകഴിഞ്ഞ് 3 മണിക്ക് മാര്‍ മാത്യു വട്ടക്കുഴിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി പടനിലം ഇടവകയില്‍ ഒരു നിര്‍ദ്ധന കുടുംബത്തിനായി പണികഴിച്ച വീടിന്റെ വെഞ്ചരിപ്പും താക്കോല്‍ദാന കര്‍മ്മവും നടന്നു.