മാര്‍ച്ച് 26.. മലയാളി സിനിമാപ്രേമിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി ചിരിമു ഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഇന്നസെന്‍റ് വിട പറഞ്ഞത് അന്നായിരുന്നു. കൃത്യം ഒരു മാസ ത്തിനിപ്പുറം മറ്റൊരു 26-ാം തീയതി സിനിമ ഉള്ള കാലത്തോളം മലയാളികള്‍ക്ക് മറ ക്കാനാവാത്ത മറ്റൊരാള്‍ കൂടി ഓര്‍മ്മകളിലേക്ക് ചേക്കേറിയിരിക്കുന്നു. മാമുക്കോയ.

ഇവര്‍ ഒന്നിച്ച നിരവധി നിരവധി ചിത്രങ്ങളിലെ ഹൃദയഹാരിയായ രംഗങ്ങള്‍ മലയാ ളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. ഗജകേസരിയോഗത്തിലെ ആനപ്രേമി അയ്യപ്പന്‍ നായ രും ആനയെ വാങ്ങിത്തരാമെന്ന് പറഞ്ഞ് മോഹിപ്പിക്കുന്ന ബ്രോക്കര്‍ രാഘവന്‍ നായ രും, ഡോ. പശുപതിയിലെ ടൈറ്റില്‍ കഥാപാത്രവും കള്ളന്‍ വേലായുധനും, റാംജി റാവു സ്പീക്കിം​ഗിലെ മാന്നാര്‍ മത്തായിയും ഹംസക്കോയയും അങ്ങനെ നിരവധി കഥാ പാത്രങ്ങള്‍.

1979 ല്‍ പുറത്തെത്തിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയയു ടെ സിനിമയിലെ രംഗപ്രവേശം. യു എ ഖാദറിന്‍റെ തിരക്കഥയില്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത ചിത്രം. പുറത്തെത്തിയത് 79 ല്‍ ആണെങ്കിലും സിനിമയുടെ നിര്‍മ്മാണം ആരംഭിച്ചത് 1977 ല്‍ ആയിരുന്നു. എന്നാല്‍ തുടര്‍ അവസരങ്ങളൊന്നും ലഭിക്കാതെ അഞ്ച് വര്‍ഷം പിന്നിട്ട അദ്ദേഹത്തിന് അടുത്ത സിനിമയിലേക്ക് അവസരം വാങ്ങിക്കൊടുക്കുന്നത് സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആണ്. പി എ മുഹമ്മദ് കോയയുടെ സുറുമയിട്ട കണ്ണുകള്‍ എന്ന നോവലിന്‍റെ അതേ പേരിലുള്ള ചലച്ചിത്രഭാഷ്യമായിരുന്നു അത്. എസ് കൊന്നനാട്ട് ആയിരുന്നു സംവിധാനം.

നാല്‍പത് വര്‍ഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ 450 ല്‍ ഏറെ സിനിമക ളില്‍ അഭിനയിച്ചു. പെരുമഴക്കാലത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് മികച്ച കൊമോഡിയനുള്ള പുരസ്കാരവും ലഭിച്ചു. ഈദ് റിലീസ് ആയി എത്തിയ സുലൈഖ മന്‍സില്‍ ആണ് മാമുക്കോയ അഭിനയിച്ച് അവസാനം പുറത്തെത്തിയ സിനിമ.