എരുമേലി : മായാജാലം കൊണ്ട് നാടുചുറ്റുന്നതിനിടെ വനപാലകനായി ജോലി ലഭിച്ച യാൾ ജോലിയിലും മാജിക് കൈവിട്ടില്ല. കാട്ടുതീ തടയാൻ വനാതിർത്തിയിലുളവർക്ക് ഭാര്യയെയും മക്കളെയും ഒപ്പം കൂട്ടി മായാജാലത്തിലൂടെ അറിവുകൾ പകരുകയാണ് പ്രൊഫഷണൽ മജീഷ്യൻ കൂടിയായ ഈ വനപാലകൻ. വനംവകുപ്പിലെ ഡ്രൈവർ അലൻ ഷെറുഡർ (40) ആണ് കാട്ടുതീ തടയാൻ ബോധവൽക്കരണമായി എരുമേലി യിലുടനീളം മാജിക് നടത്തിക്കൊണ്ടിരിക്കുന്നത്.ശബരിമല വനത്തിനും പെരിയാർ കടുവാ സങ്കേതത്തിനും ചേർന്നുകിടക്കുന്ന വനമേഖല യിലെ പാക്കാനം, കോയിക്കക്കാവ്, കാളകെട്ടി എന്നിവിടങ്ങളിൽ അലൻ എത്തി നാട്ടു കാർക്ക് മുന്നിൽ മാജിക് അവതരിപ്പിച്ച് ബോധവൽക്കരണം നടത്തി. ശൂന്യതയിൽ നിന്നും അഗ്നി ഉണ്ടാകുന്നതും അത് കെടുത്തുമ്പോൾ പ്രകൃതി സന്ദേശ വാക്കുകൾ ബാനറിൽ ഉയരുന്നതുമുൾപ്പടെ കൗതുകവും അറിവുകളും പകരുന്ന വിവിധതരം മാജിക് പ്രകടനങ്ങളാണ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.കനകപ്പലം, പൊന്തൻപുഴ എന്നിവിടങ്ങളിൽ ബോധവൽക്കരണ മാജികുമായി അടുത്ത ദിവസം അലൻ എത്തുന്നുണ്ട്. തൊടുപുഴ മുട്ടം സ്വദേശിയായ അലൻ ഇതിനോടകം ആയിരത്തിലധികം വേദികളിൽ മാജിക് അവതരിപ്പിച്ചിട്ടുണ്ട്. ഏറെയും വനം-പരിസ്ഥി തി-പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ടാണ്. ഇരുപതാം വയസിലാണ് അലന് മാജികിനോട് കമ്പം തോന്നിത്തുടങ്ങിയത്. തെരുവിൽ ഒരു വൃദ്ധൻ കാർഡ് മാജിക് നടത്തുന്നത് കണ്ടു പഠിച്ചതോടെയാണ് തുടക്കം. പിന്നെ ജെ ടി ഗോമസിൻറ്റെ മാജിക് പഠന പുസ്തകത്തി ലൂടെ പഠനം തുടങ്ങി.മേലുകാവ് സ്വദേശി ജോയിസൻറ്റെയും ചേന്നാട് തോമസിൻറ്റെയും മാജിക് ട്രൂപ്പിൽ പിന്നെ അനൗൺസറായി. കോയമ്പത്തൂർ അപ്പാദുരൈയെ ഗുരുവാക്കിയതോടെ പ്രൊഫ ഷണൽ മജീഷ്യനായി മാറുകയായിരുന്നു അലൻ. ഇപ്പോൾ മാജിക് അധ്യാപകൻ കൂടിയാണ്.

ഭാര്യ സിസിലിയും മക്കൾ അനു, അലീന, അജീഷ് എന്നിവരും മാജിക് അവതരണ വേദികളിൽ അലൻറ്റെ സഹായികളായി മാജിക് പഠിച്ച് അവതരിപ്പിക്കുന്നുമുണ്ട്. കണ്ണുമൂടിക്കെട്ടി വാഹനമോടിച്ചും ഹൗഡിനി എസ്കേപ് ആക്ട്, ഫയർ എസ്കേപ് ആക്ട് എന്നിവ അവതരിപ്പിച്ചിട്ടുണ്ട്.