കോട്ടയം ജില്ലയുടെ തന്നെ അടുത്തകാലത്തെ ഏറ്റവും ഉയർന്ന റെക്കോഡ് തുകയ്ക്ക് കാറിന് ഇഷ്ടനമ്പർ സ്വന്തമാക്കി യുവവ്യാപാരി. അയർക്കുന്നം കുടകശേരിൽ വല്ല്യേരിൽ ജുവലറി ഉടമയായ ടോണി വർക്കിച്ചനാണ് 8.80 ലക്ഷം രൂപ നൽകി പുത്തൻ കാറിന് ഫാൻസി നമ്പർ സ്വന്തമാക്കിയത്.

കോട്ടയം അച്ചായൻസ് ജൂവലറി ഉടമയായ ടോണി വാങ്ങിയ കിയ കാർണിവൽ ലിമോസിൻ പ്ലസ് മോഡൽ കാറിനാണ് കെഎൽ 05 എവൈ 7777 എന്ന നമ്പർ ലേലത്തിലൂടെ വാങ്ങിയത്. 45.40 ലക്ഷംരൂപ മുടക്കിയാണ് പുതിയ വാഹനം ടോണി സ്വന്തമാക്കിയത്. തന്റെ മുൻ വാഹനങ്ങളായ ജാഗ്വറിനും, കിയാ സെൽടോസിനുമെല്ലാം ഉള്ള അതേ നമ്പരായ 7777 പുതിയ കാറിനും ബുക്കുചെയ്തിരുന്നു.

നമ്പരിനായി ഒരാൾക്കൂടി രംഗത്തുവന്നതോടെയാണ് മോട്ടോർ വാഹനവകുപ്പ് ഇ-ലേലം നടത്തിയത്. ഇദ്ദേഹത്തിനൊപ്പം ഇതേ നമ്പരിനായി മത്സരിച്ചയാൾ എട്ടുലക്ഷം വരെ ലേലം വിളിച്ചു. ഒടുവിൽ 8.80 ലക്ഷം രൂപയ്ക്ക് ടോണി വർക്കിച്ചന് ലേലം ഉറപ്പിക്കുകയായിരുന്നു. ഇതിൽ 30,000 രൂപ അഡ്വാൻസ് തുകയും 8,50,000 രൂപ ലേലത്തുകയുമാണ്.

അതേസമയം, സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കുമെന്നതിനാൽ ഇത് നഷ്ടമായി കണക്കാക്കുന്നില്ലെന്നാണ് ടോണിയുടെ അഭിപ്രായം. കോട്ടയം നഗരത്തിൽ ദിവസവും ഇരുനൂറിൽപരം ആളുകൾക്ക് സ്‌നേഹസ്പർശം എന്ന പേരിൽ സൗജന്യമായി ഉച്ചഭക്ഷണവും ടോണിയുടെ നേതൃത്വത്തിൽ കൊടുക്കുന്നുണ്ട്