മുഹമ്മദ് നബിയുടെ 1492 ജന്മദിനത്തോട് അനുബന്ധിച്ച് ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞിരപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തില്‍ മനുഷ്യവകാശ സംരക്ഷണ റാലിയും മദ്ഹുര്‍ റസൂല്‍ സംഗമവും മതപ്രഭാഷണവും ഞായറാഴ്ച്ച നടക്കും. വൈകു ന്നേരം അഞ്ച് മണിക്ക് ഇടപ്പള്ളി നൂര്‍ മസ്ജിദില്‍ നിന്നും ആരംഭിക്കുന്ന മനുഷ്യാവകാശ സംരക്ഷണ റാലിയില്‍ താലൂക്കിലെ 90 മഹല്ലുകളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി അങ്കണത്തില്‍ നടക്കുന്ന പൊതുസമ്മേളനം തിരുവനന്തപുരം വലിയ ഖാസി ശൈഖുനാ ചേലക്കുളം അബുല്‍ ബുഷ്റാ മൗലവി എം.എഫ്.ബി ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തില്‍ ലജ്നത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞിരപ്പളളി മേഖലാ പ്രസിഡന്റ് മന്‍സൂര്‍ മൗലവി അല്‍ ഖാസിമി അദ്ധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പളളി നൈനാര്‍ പളളി ഇമാം ശിഫാര്‍ മൗലവി അല്‍ കൗസരി മുഖൃ പ്രഭാഷണവും, മുഹമ്മദ് നബി മാനവികതയുടെ മാര്‍ഗദര്‍ശി എന്ന വിഷയത്തില്‍ പ്രമുഖ പ്രഭാഷകന്‍ കാഞ്ഞാര്‍ അല്‍ ഹാഫിസ് അഹ്മദ് കബീര്‍ ബാഖവി മതപ്രഭാഷണം നടത്തും.

കാഞ്ഞിരപ്പളളി മേഖലയില്‍ 25 വര്‍ഷമായി സേവനം ചെയ്യുന്ന മദ്രസ അധ്യാപകരെ സമ്മേളനത്തില്‍ ആദരിക്കും. സമ്മേളനത്തില്‍ നൈനാര്‍ പളളി ഗ്രൗണ്ടില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

എസ്.എ മന്‍സൂര്‍ മൗലവി അല്‍ ഖാസിമി, ഒ.എ സാദിഖ് മൗലവി അദ്ദാരിമി, ഇ.ജെ സക്കീര്‍ ഹുസൈന്‍ മൗലവി ബാഖവി, അബ്ദുല്‍ ജലീല്‍ മൗലവി ബാഖവി, ഹബീബുളള മൗലവി മന്‍ബഈ എന്നിവര്‍ കാഞ്ഞിരപ്പള്ളിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.