കെ.എസ്.ആര്‍.ടി.സി ബസില്‍ പാതിരാത്രിയില്‍ വിജനമായ സ്ഥലത്ത് വന്നിറങ്ങിയ യുവതിക്ക് ബസ് ജീവനക്കാരും യാത്രക്കാരും തുണയായി. പിറന്നാള്‍ ദിനത്തില്‍ തന്നെ എൽസീനക്ക് ലഭിച്ച സമ്മാനം ഇരുട്ടി മധുരമായെന്ന് യുവതി പറഞ്ഞു. ദേശിയപാത 183ല്‍ പൊടിമറ്റത്ത് ചൊവ്വാഴ്ച രാത്രി 11.20നാണ് സംഭവം. എറണാകുളം-മധുര ബസില്‍ വന്നിറങ്ങിയ കയുവതിയെ കൂട്ടിക്കൊണ്ട് പോകാന്‍ വീട്ടുകാര്‍ എത്താന്‍ വൈകിയതോടെയാണ് ബസ് നിറുത്തിയിട്ട് ബസ് ജീവനക്കാര്‍ ആളെത്താന്‍ 15 മിനിറ്റോളം നേരം ബസ് നിറുത്തിയിട്ട് കാത്ത് നിന്നത്. എറണാകുളം ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ കുമ്പളങ്ങി പുന്നേക്കാട്ട് ഡെന്നി സേവ്യര്‍, ഡ്രൈവര്‍ കം കണ്ടക്ടര്‍ ഓയൂര്‍ പയ്യക്കോട് ഷാജുകോട്ടേജില്‍ ബി. ഷാജുദ്ദീന്‍ എന്നിവരാണ് ഈ നന്മചെയ്ത് മാതൃകയായത്.

ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ എം.ഫില്‍ ചെയ്യുന്ന കണ്ണൂര്‍ സ്വദേശിനി എല്‍സീന ജോസഫ് ഗവേഷണത്തിന്റെ ആവശ്യത്തിനായിട്ടാണ് ചൊവ്വാഴ്ച എറണാകുളത്തെത്തിയത്. ബുധനാഴ്ച രാവിലെ കുട്ടിക്കാനം മരിയന്‍ കോളേജില്‍ പോകുന്നതിനായി രാത്രിയില്‍ തന്നെ കുടുംബ സുഹൃത്തിന്റെ പൊടിമറ്റത്തെ വീട്ടിലേക്ക് വരികയായിരുന്നു. എന്നാല്‍ ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തതിനാല്‍ കൂട്ടിക്കൊണ്ടുപോകുന്നതിനായി എത്താന്‍ വൈകി. പെണ്‍കുട്ടി തനിച്ച് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബസ് ജീവനക്കാര്‍ കാര്യം തിരക്കിയതോടെ കൂട്ടുവാന്‍ ആളെത്തിയിട്ടില്ലെന്ന് അറിഞ്ഞു. വിജനമായ പ്രദേശമായത്ത് രണ്ട് അന്യ സംസ്ഥാന ലോറികളും പാര്‍ക്ക് ചെയ്തിരുന്നു. ഇതോടെ ബസ് നിറുത്തിയിട്ട് കൂട്ടുവാന്‍ ആളെത്തുന്നത് വരെ കാത്തിരുന്നു. തുടര്‍ന്ന് യുവതിയെ കാറിലെത്തി കുടുംബ സുഹൃത്ത് കൂട്ടിയ ശേഷമാണ് ബസ് പൊടിമറ്റത്ത് നിന്ന് യാത്രയായത്. ബസ് ജീവനക്കാരെയും യാത്രക്കാരെയും നന്ദിയോടെയോര്‍ത്താണ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും തിരികെ ബാംഗ്ലൂരിലേക്ക് എല്‍സീന മടങ്ങിയത്.  വ്യാപാരികള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പിറന്നാള്‍ ദിനത്തില്‍ തന്നെ മുഴുപട്ടിണിയിലായിരുന്ന എല്‍സീനയക്ക് ബസ് ജീവനക്കാരുടെ കുതല്‍ ഇരട്ടി മധുരമായി. കണ്ണൂര്‍ അറയ്ക്കല്‍ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകളാണ് എല്‍സീന.