എരുമേലി:കിഴക്കന്‍ മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകുന്ന കനകപ്പലം 110 കെവി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം 10നു വൈകിട്ട് 4.30നു മന്ത്രി എം.എം. മണി നിര്‍വഹിക്കും. സബ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യമാവുന്നത് ഒരു വ്യാഴവട്ടത്തിലധികം നീണ്ട കേസിന്റെയും മറ്റു നൂലാമാലകള്‍ക്കും ശേഷം.

ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കെ 13 വര്‍ഷം മുന്‍പാണ് എരുമേലി കനകപ്പലത്ത് സബ്‌സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നടത്തിയത്. കവലയോടു ചേര്‍ന്നു മൂന്ന് ഏക്കര്‍ സ്ഥലമാണ് അന്നു വിലയ്‌ക്കെടുത്തത്. എന്നാല്‍ ലൈന്‍ കടന്നുപോകുന്ന വഴികള്‍ സംബന്ധിച്ചു വിവിധ കേസുകള്‍ വന്നതോടെ പണികള്‍ അനിശ്ചിതമായി നീണ്ടു. എന്നാല്‍ കനകപ്പലത്ത് യാര്‍ഡില്‍ പണികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തി യാക്കുകയും ചെയ്തു.പിന്നീടു രണ്ടുവര്‍ഷം മുന്‍പു കേസുകള്‍ എല്ലാം അവസാനിച്ചതോടെ പണി പൂര്‍ത്തിയാ ക്കാനായി. വര്‍ഷങ്ങള്‍ നീണ്ടതോടെ പദ്ധതി തുകയും കൂടി. നിലവില്‍ 18.5 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സബ്‌സ്റ്റേഷനില്‍ നിന്നാണ് 11.8 കിലോമീറ്റര്‍ ദൂരത്തില്‍ ലൈന്‍ വലിച്ചിരിക്കുന്നത്. മൊത്തം 35 ടവറുകളുണ്ട്. 110 കെവിയുടെ രണ്ട് ലൈനുകള്‍ സംയോജിപ്പിക്കാനുള്ള സംവിധാനമാണ് കനകപ്പലത്ത് ക്രമീകരിച്ചിരിക്കുന്നത്.

അതിനാല്‍ മണ്ണാറക്കയത്തിനു പുറമെ മുണ്ടക്കയം സബ്‌സ്റ്റേഷന്‍ പണി പൂര്‍ത്തിയാവുന്ന മുറയ്ക്ക് അവിടെനിന്നും വൈദ്യുതി ലഭ്യമാക്കാനാവും. 12 എംവിഎ ശേഷിയുള്ള രണ്ടു ട്രാന്‍സ്‌ഫോമറുകള്‍ യാര്‍ഡിലുണ്ട്. കനകപ്പലത്തുനിന്ന് എരുമേലി, വെച്ചൂച്ചിറ, കാഞ്ഞി രപ്പള്ളി, പാറത്തോട്, റാന്നി, പെരുനാട്, മുണ്ടക്കയം പഞ്ചായത്തുകളില്‍ വൈദ്യുതി എത്തും.

കനകപ്പലം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പി.സി. ജോര്‍ജ്ജ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ചീഫ് എന്‍ജിനീയര്‍ സിജി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ.വി ശിവദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയി, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ പി. വിജയകുമാരി സ്വാഗതവും പൂവന്‍തുരുത്ത് ട്രാന്‍സ് മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജോണ്‍ തോമസ് നന്ദിയും പറയും.