കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ പരസ്യമായി തമ്മിലടിച്ച സംഭവത്തിലാണ് അച്ച ടക്ക നടപടിയുമായി കെപിസിസി (KPCC) നേതൃത്വം രംഗത്തുവന്നത്. പരസ്പരം തമ്മി ലടിച്ച് ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഷിന്‍സ് പീറ്റര്‍, ടികെ സുരേഷ് കുമാര്‍ എ ന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

നേതാക്കള്‍ പരസ്യമായി തമ്മില്‍ അടിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി എന്നാണ് കെപിസിസി നേതൃത്വം വിലയിരുത്തിയത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നതോടെയാണ് തിരക്കിട്ട അച്ചടക്ക നടപടിയുമായി കെപിസിസി നേതൃത്വം രംഗത്ത് വന്നത്.

ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഷിന്‍സ് പീറ്റര്‍, ടികെ സുരേഷ് കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതിനെ പുറമേ കോട്ടയം നെടുംകുന്നത്ത് തമ്മിലടിച്ച കോണ്‍ഗ്രസ് നേതാവിനെതിരെയും നടപടിയെടുത്തു. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ജിജി പോത്തനെ ആണ് കെപിസിസി സസ്‌പെന്റ് ചെയ്തത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോ പായിക്കാടനുമായി ആണ് ജിജി പോത്തന്‍ തല്ലുണ്ടാക്കിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ തമ്മില്‍ തല്ലുണ്ടായത്. കൊടുങ്ങൂരില്‍ ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് പങ്കെടുത്ത പരിപാടിക്ക് പിന്നാലെയാണ് ഇരുവരും ഏറ്റുമുട്ടിയത്. തമ്മിലടി ഉണ്ടായ സംഭവം ആണെങ്കിലും ഇരുവരും പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. പരിപാടി കഴിഞ്ഞാല്‍ നേതാക്കള്‍ ഓഡിറ്റോറിയത്തിന് പുറത്തേക്ക് വരുന്ന സമയത്താണ് സംഘര്‍ഷമുണ്ടായത്. ഡിസിസി ജനറല്‍ സെക്രട്ടറി ഷിന്‍സ് പീറ്റര്‍ പുറത്തേക്ക് ആദ്യം നടന്നു പോയി.

തുടര്‍ന്ന് തിരികെയെത്തി ടി കെ സുരേഷ് കുമാറിനോട് എന്തോ ചോദ്യം ചെയ്യുന്നത് കാണാം. ഈ സമയം ഷിന്‍സിനെ പിടിച്ചു തള്ളുന്ന കാഴ്ചയാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഇതോടെയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ വഴിമാറുന്നത്. ഇതോടെ അവിടെയുണ്ടായിരുന്ന നേതാക്കളും രണ്ട് ചേരിയിലായി. മുന്‍ മണ്ഡലം പ്രസിഡന്റും,വാഴൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന ജോസ്. കെ. ചെറിയാനും കൂട്ടരും ടി കെ സുരേഷ് കുമാറിന്റെ പക്ഷത്ത് ആണ് നിന്നത്.

നിലവിലെ മണ്ഡലം പ്രസിഡന്റ് എസ്. എം സേതുരാജും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ഷീന്‍സ് പീറ്ററിന്റെ പക്ഷം ചേര്‍ന്നു. മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസിലെ പ്രമുഖ നേതാവും ആണ് ടി കെ സുരേഷ് കുമാര്‍. കഴിഞ്ഞ കുറേക്കാലമായി വാഴൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് സജീവമാണ്. ഇരു വിഭാഗങ്ങളായി തിരിഞ്ഞ് മുമ്പ് പലതവണ കമ്മിറ്റികളില്‍ പരസ്പരം പോരടിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോ പായിക്കാടനും, ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ ജിജി പോത്തനും തമ്മിലാണ് നെടുങ്കുന്നത്ത് നടുറോഡില്‍ ഏറ്റുമുട്ടിയത്. തിങ്കളാഴ്ച്ച വൈകിട്ട് നെടുംകുന്നം കോണ്‍ഗ്രസ് ഓഫീസില്‍ യു ഡി എഫ് യോഗം ചേര്‍ന്നിരുന്നു.

ഇതിനു പിന്നാലെ ആണ് അടിപിടി ഉണ്ടായത്. പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള വനിതാ ജനപ്രതിനിധികളും, മറ്റ്
സ്ത്രീകളടക്കമുള്ള യു ഡി എഫ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. അടിപിടി രൂക്ഷമായതോടെ നാട്ടുകാര്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.