പാറത്തോട്: ദേശീയപാതയോരത്ത് പാറത്തോട് പള്ളിപ്പടിയിലുള്ള ആശുപത്രിക്കു മുന്‍വശത്തും സമീപത്തുള്ള സെന്റ് മേരീസ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍വന്റ് കോന്പൗണ്ടിലേക്കും കോഴിമാലിന്യം തള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മഠത്തിനോടുചേര്‍ന്നുള്ള ആരാധനാലയത്തിനു മുന്‍വ ശത്തേക്കും ഹൈറേഞ്ച് ഹോസ്പിറ്റലിന്റെ മുന്‍വശത്തെ ഓടയിലേക്കും മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. മഠം കോന്പൗണ്ടിനുള്ളില്‍ നഴ്‌സറി സ്‌കൂളില്‍ നിരവധി കുട്ടികളാണ് പഠിക്കുന്നത്. മഠം അധികൃതര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് മാലിന്യങ്ങള്‍ മണ്ണിട്ടുമൂടുകയായിരുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധര്‍ മാലി ന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. മാലിന്യങ്ങള്‍ കൂടുകളിലാക്കി സമീപത്തെ ആളൊഴിഞ്ഞ ഭാഗങ്ങളില്‍ തള്ളുകയാണ്.

ഇവ പക്ഷിമൃഗാദികള്‍ കൊത്തിവലിച്ച് ജലസ്രോതസുകളില്‍ കൊണ്ടിടുന്നതും ദുരിതമാ യിരിക്കുകയാണ്. പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പഞ്ചായത്ത് മെംബര്‍ വര്‍ഗീസ് കൊച്ചുകുന്നേലും നാട്ടുകാരും ആവശ്യപ്പെട്ടു.