എരുമേലി : നട്ടെല്ലിൽ ജോയിന്റിന് സംഭവിച്ച സ്ഥാന ഭ്രംശം മൂലം രണ്ട് വർഷം ഒരേ കിടപ്പിലായിരുന്നു മുക്കൂട്ടുതറ വാഴയ്ക്കൽ റിജോ ഇട്ടി (30). ഓപ്പറേഷൻ കഴിഞ്ഞ് ന ടന്നു തുടങ്ങി ദാ ഇപ്പോൾ ഇന്ത്യ മൊത്തം ചുറ്റിക്കാണാനുള്ള യാത്രയിൽ മദ്ധ്യപ്രദേശ് പിന്നിട്ടിരിക്കുകയാണ്. അതും സ്‌കൂട്ടർ ഓടിച്ച്. ഉറ്റ സുഹൃത്തുക്കളെയാണ് പലരും രാ ജ്യ സഞ്ചാര യാത്രക്ക് കൂടെ കൂട്ടുന്നതെങ്കിൽ റിജോയ്ക്ക് ഒപ്പമുള്ളതും പ്രിയപ്പെട്ട ചങ്ക്. അതായത് അച്ഛൻ ഇട്ടിച്ചൻ. ഓട്ടോമൊബൈൽ പഠനം പൂർത്തിയാക്കിയ റിജോ യാത്ര ക്കുള്ള പണം കണ്ടെത്താൻ തെരഞ്ഞെടുത്തതാകട്ടെ മത്സ്യക്കച്ചവടം. യാത്ര പോകാൻ സിസി വായ്പയിൽ വാങ്ങിയ ഹീറോ ഹോണ്ട ഗ്രാഫി സ്‌കൂട്ടറിന്റെ പുറകിൽ പെട്ടിയി ൽ പച്ചമീനുമായായിരുന്നു കച്ചവടം. സ്വന്തമായുള്ള പഴയ 95 മാരുതി 800 കാറിൽ അ ച്ഛനും അനുജൻ റിനോയുമായി യാത്ര പോകാനായിരുന്നു ആദ്യ പ്ലാൻ.
പഴയ മാരുതി കാറിൽ ഇന്ത്യ കാണാൻ എങ്ങനെ പോകുമെന്നൊന്നും റിജോയെ അലട്ടിയില്ല. പക്ഷെ കാറിന്റെ റീ ടെസ്റ്റ്‌ നടത്തണമെന്നുള്ളത് അലട്ടി. അങ്ങനെയാണ് സ്‌കൂട്ടർ വാങ്ങാൻ തീരുമാനിച്ചത്. മീൻ വില്പനയിൽ കിട്ടിയ പണവും സുഹൃത്തുക്കൾ തന്നതും ഒക്കെയായി പതിനായിരം രൂപ തികഞ്ഞത് ഇക്കഴിഞ്ഞ 21 നാണ്. അന്ന് രാത്രിയിൽ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അനുജൻ റിനോയോട് റിജോയുടെ ചോദ്യം. ഞാൻ നാളെ ലഡാക്കിലേക്ക് സ്‌കൂട്ടറിൽ പോകുകയാണ്, വരുന്നോ. ചോദ്യം പെട്ടന്ന് ആയതിനാൽ റീനോയുടെ മറുപടി ഇല്ല എന്നായിരുന്നു. റിജോ ഒളികണ്ണിട്ട് നോക്കിയത് അച്ഛനെ. അപ്പോൾ തന്നെ ഇട്ടിയുടെ മറുപടിയെത്തി. ലഡാക്കിലേക്ക് ഞാനുമുണ്ട്. അമ്മ മോളമ്മ സാധനങ്ങൾ എല്ലാം പായ്ക്ക് ചെയ്ത് സന്തോഷത്തോടെ യാത്രയാക്കി. റിജോയുടെ യാത്രക്ക് പിന്നിൽ രണ്ട് വർഷത്തെ പ്രതീക്ഷയുടെ നീണ്ട കാത്തിരുപ്പിന്റെ സങ്കടം കൂടിയുണ്ട്.
നടക്കാനാവാതെ രോഗക്കിടക്കയിൽ കിടന്ന ആ കിടപ്പിൽ നിന്ന് എന്നെങ്കിലും എണീറ്റാൽ രാജ്യം ചുറ്റിക്കറങ്ങണമെന്നും നിരാലാംബരായ രോഗികളെ സഹായിക്കണമെന്നും ആയിരുന്നു ആഗ്രഹം. ഓപ്പറേഷന് നാല് ലക്ഷത്തിൽ പരം രൂപ വേണമായിരുന്നു. റിജോയുടെ കുടുംബത്തിന്റെ സാമ്പത്തിക വിഷമം അറിഞ്ഞ വെല്ലൂരിലെ ഡോക്ടർ പകുതി തുകയായി കുറച്ചു. പക്ഷെ ആ തുകയ്ക്കും പ്രയാസമായതോടെ ഒരു ലക്ഷത്തിൽ പരം രൂപ പ്രപ്പോസ് പള്ളി ഇടവകയിൽ നിന്നും വൈദികന്റെ സഹായത്തോടെ സമീപ പള്ളികളിൽ നിന്നുമാണ് ലഭിച്ചത്. ബാംഗ്ലൂർ സ്വദേശിയായ ഒരാൾ ബാക്കി തുക മുഴുവനും നൽകിയതോടെയാണ് ഓപ്പറേഷൻ നടന്നത്. ബാക്കി തുക സൗജന്യമായി നൽകിയപ്പോൾ ബാംഗ്ലൂർ സ്വദേശി പറഞ്ഞ വാചകം അന്നും ഇന്നും റിജോയുടെ കാതുകളിലുണ്ട്. നിന്നെ ഞാൻ സഹായിച്ചപോലെ നിനക്ക് ചുറ്റുമുള്ള ഇല്ലായ്മക്കാരെ നീയും സഹായിക്കണം. ആശുപത്രികളിൽ ശയ്യാവലംബരായവ നിർധനർക്ക് കൂടെ നിന്ന് പരിചരണം നൽകണമെന്നും രോഗികൾക്ക് തന്റെ കഴിവിന്റെ പരമാവധി സഹായം നൽകണമെന്നുമുള്ള ലക്ഷ്യത്തിലാണ് റിജോ. ഒരു മാസത്തോളമുള്ള യാത്ര കഴിഞ്ഞാൽ അതിനുള്ള ശ്രമം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റിജോ പറഞ്ഞു. അച്ഛനും അമ്മയും അനുജനും അതിനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കൂടെയുണ്ട്. കാശ്മീരിലെത്തി ലഡാക്ക് കഴിയുന്നതോടെ തിരികെ സ്‌കൂട്ടറിൽ നാട്ടിലേക്ക് മടങ്ങും. മതമൈത്രിയുടെ നാട്ടിൽ നിന്നും രാജ്യത്തിന്റെ അങ്ങേയറ്റത്തെ അതിർത്തി വരെയുള്ള ഈ യാത്രയാണ് റിജോയുടെ ഇതുവരെയുള്ള ഏക ദീർഘ ദൂര യാത്ര.