നേരെചൊവ്വേ കിടന്ന റോഡ് കുത്തിപ്പൊളിച്ചിട്ട് ഒരു വര്‍ഷത്തോടടുക്കുന്നു. പൊടിശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് വണ്ടന്‍പതാല്‍, പനക്ക ച്ചിറ, കോരുത്തോട് നിവാസികള്‍. മുണ്ടക്കയം-കോരുത്തോട് റോഡിന്റെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതാണു പ്രദേശവാസികള്‍ക്കും വാഹന യാത്ര ക്കാര്‍ക്കും ദുരിതമാകുന്നത്. നിര്‍മാണത്തിന്റെ ഭാഗമായി റോഡില്‍ മെറ്റല്‍ നിരത്തിയിട്ട് ആഴ്ചകള്‍ പിന്നിട്ടു.

ഇപ്പോള്‍ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മൂടല്‍മഞ്ഞിനെ വെല്ലുന്ന പൊടിയാണ് ഉയരുന്നത്. പല സ്ഥലങ്ങളിലും എതിര്‍ദിശയില്‍നി ന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്തതു മൂലം ഡ്രൈവര്‍മാര്‍ ലൈറ്റിട്ടാണ് വാഹനം ഓടിക്കുന്നത്. മുണ്ടക്കയം മുതല്‍ കോരുത്തോട് വരെ 15 കിലോമീറ്ററോളം റോഡിന്റെ പലഭാഗങ്ങളിലാണ് ഇത്തരം ദുരവസ്ഥ. ഈ റോഡിന്റെ വശങ്ങളിലെ വീടുകളില്‍ താമസിക്കുന്നവരാണ് അതിലേ റെ ദുരിതമനുഭവിക്കുന്നത്. വീട്ടിലും വാഹനങ്ങളിലും എന്നുവേണ്ട സര്‍വ ത്ര ഇടങ്ങളിലും പൊടി മാത്രമേയുള്ളൂ. ഇതുമൂലം ശ്വാസംമുട്ടല്‍ അടക്കമു ള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പലര്‍ക്കും ഉണ്ടാകുന്നുണ്ട്.

റോഡിന്റെ വശങ്ങളിലെ വ്യാപാരികളും കടുത്ത ദുരിതത്തിലാണ്. പൊടിശല്യം മൂലം കടയില്‍ ഇരിക്കാന്‍പോലും കഴിയാത്ത സാഹചര്യമാണു നിലവിലുള്ളതെന്നും സാധനങ്ങള്‍ക്കു കേടുപാടു സംഭവിക്കുന്നതു പതിവു സംഭവമാണെന്നും വ്യാപാരികളും പറയുന്നു. ശബരിമല സീസണ്‍ ആയതിനാല്‍ നിരവധി അയ്യപ്പഭക്തരുടെ വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. റോഡില്‍ നിന്നുയരുന്ന പൊടി ഇവര്‍ക്കും വലിയ ദുരിതമാണു സൃഷ്ടിക്കുന്നത്. രണ്ടുമാസം കൊണ്ടു പൂര്‍ത്തിയാക്കാമായിരുന്ന റോഡിന്റെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.