കോട്ടയം: ദുരഭിമാന ഹത്യപോലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സമൂഹത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകണെ മെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍. പോലീസിന്റെ മേ• നെഞ്ചളവിലല്ല, ഇടപെടേണ്ട വിഷയത്തിലുള്ള ജാഗ്രതയിലാണ് കാണേണ്ടത്. പ്രണയവിവാഹത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം നട്ടാശ്ശേരിയിലെ കെവിന്‍ പി. ജോസഫിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പുരോഗമന ചിന്താഗതിയുള്ള എല്ലാ കേരളീയരും കെവിന്റെ കുടുംബത്തോടൊപ്പമുണ്ട്. ഇത്തരം വിഷയങ്ങളില്‍ പോലീസ് കൂടുതല്‍ ഉത്തരവാദിത്തവും ജാഗ്രതയും കാണിക്കണം. സര്‍ക്കാരും വനിതാ കമ്മീഷനും പൂര്‍ണമായും ഈ കുടുംബത്തോടൊപ്പമുണ്ട്. കെവിന്റെ ഭാര്യ നീനയുടെ പഠനം, തുടര്‍ ജീവിതത്തിന് ജോലി എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. കെവിന്റെ കുടുംബത്തിന് ആവശ്യം നീതിയും സാന്ത്വനവുമാണ്. 
കേരളം മുഴുവന്‍ ലജ്ജിച്ച് തല താഴ്‌ത്തേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇത്തരം പ്രവൃത്തികള്‍ ഇനി ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. ഈ സംഭവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ഞെട്ടിക്കുന്നതാണ്. കുറ്റവാളികളുമായി പോലീസിനുള്ള സമ്പര്‍ക്കം അപലപനീയമാണ്. നീതി ഉറപ്പാക്കേണ്ട പോലീസുകാര്‍ തന്നെ നീതി നിഷേധിക്കുകയും നീതി നിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയും ചെയ്യുന്ന കാഴ്ചയാണ് ഈ സംഭവത്തില്‍ നമ്മള്‍ കണ്ടത്. പോലീസിനു വേണ്ട അടിസ്ഥാന ഗുണം  ജാഗ്രതയും പ്രശ്‌നങ്ങള്‍ മണത്തറിയാനും വിവേചന ബുദ്ധിയോടെ പരിഹാരം കാണാനുള്ള കഴിവുമാണ്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ സത്വര നടപടിയാണ് സ്വീകരിച്ചത്. 16 പ്രതികളെയും കണ്ടെത്തി ഏറ്റവും കഠിനമായ ശിക്ഷ തന്നെ അവര്‍ക്ക് നല്‍കണം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാട്ടിയ ജാഗ്രത പ്രശംസനീയമാണ്. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍  സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി യഥാര്‍ത്ഥ സാമൂഹ്യ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധതിരിക്കുന്ന പ്രവണത മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തില്‍ കണ്ടു വരുന്നുണ്ട്. ഇത് അത്യന്തം ആപത്കരവും യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് മുഖം തിരിക്കലുമാണ്.
ദുരഭിമാനക്കൊല കേരളത്തില്‍ ഇനി സംഭവിക്കാതിരിക്കാന്‍ സമൂഹം ജാഗരൂകരാകണം. ദുരഭിമാനക്കൊല നമ്മുടെ നാട്ടിലും നടക്കും എന്ന് വിചാരിച്ചതല്ല. ഹരിയാനയിലും മറ്റ് വടക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും ഇത്തരം മനുഷ്യഹത്യകള്‍ നടക്കുന്നത് ഏറെ പുച്ഛത്തോടും ധാര്‍മ്മികരോഷത്തോടും കണ്ടിട്ടുള്ള കേരളമാണ് ഇപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നത്. ജാതിയെ ചോദ്യം ചെയ്ത സാമൂഹ്യ പശ്ചാത്തലത്തില്‍ നിന്ന് ദുരഭിമാനം മൂലം കൊലപാതകം വരെ ചെയ്യുന്ന സാമൂഹ്യ രാഷ്ട്രീയ അവസ്ഥയിലേയ്ക്ക് കേരളം മാറിത്തുടങ്ങിയോ എന്നാണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്. ആതിര എന്ന പെണ്‍കുട്ടിയെ പ്രണയത്തിന്റെ പേരില്‍ സ്വന്തം അച്ഛന്‍ കൊലപ്പെടുത്തിയിട്ട് 65 ദിവസം മാത്രമാകുമ്പോള്‍ ഇതേ വിഷയത്തില്‍ കെവിനും കൊല്ലപ്പെടുന്നു. ഈ രണ്ടു കേസുകളിലും ഇരയാക്കപ്പെട്ടവര്‍ സ്ത്രീകളാണ്. അവരുടെ സ്വപ്നങ്ങളും ജീവിതവുമാണ്. വനിത കമ്മീഷന്‍ ഇത്തരം വിഷയങ്ങളെ ഏറെ ഗൗരവത്തോടെ കാണുന്നു. വനിതകളുടെതായി പോലീസില്‍ എത്തുന്ന പല പരാതികള്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കമ്മീഷനില്‍ എത്തുന്ന പല കേസുകളിലും ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ പരാതികള്‍ പ്രത്യേകം നിരീക്ഷിച്ച് പരിഹാരം കാണാന്‍ കഴിയുന്ന ഒരു സംവിധാനം സംസ്ഥാനത്ത് ഉണ്ടാകേണ്ടത് ആവശ്യമാണ്.
ഇത് സംബന്ധിച്ച് കമ്മീഷന്റെ എല്ലാ അംഗങ്ങളുമായി ആലോചിച്ച്  തീരുമാനമെടുക്കും. സ്ത്രീകളുടെ കണ്ണീരു കാണാന്‍ കഴിയാത്ത ഒരാളും സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടാകാന്‍ പാടില്ല. സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നു. നീനയോടും കെവിന്റെ സഹോദരി കൃപ, മാതാപിതാക്കള്‍ എന്നിവരോടും സംസാരിച്ച ശേഷമാണ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ.എം. രാധ, അഡ്വ എംഎസ് താര, കമ്മീഷന്‍ എസ് ഐ എല്‍. രമ, പിആര്‍ഒ ദീപ, സുനില്‍ ഹസ്സന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. വയനാട്ടില്‍ നിന്ന് കോട്ടയത്ത് കെവിന്റെ വീട്ടിലേയ്ക്ക് വരുന്ന വഴി പട്ടിത്താനത്തിനടുത്ത് വാഹനാപകടം ഉണ്ടായതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.