മന്ത്രി കടകം പള്ളി സുരേന്ദ്രന് ബി.ജെ.പി പ്രവർത്തകരുടെ കരിങ്കൊടി. ശബരിമല തീർത്ഥാടക ഒരുക്കങ്ങൾ മന്ദഗതിയിലാണന്ന് ആരോപിച്ചായിരുന്നു ബി.ജെ.പി പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. രാവിലെ 9.45 നായിരുന്നു സംഭവം. എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മന്ത്രിതല ശബരിമല അവലോകന യോഗത്തിന് എത്തിയതായിരുന്നു മന്ത്രി.
തുടർന്ന് പ്രവർത്തകർ എരുമേലി ടൗണിൽ മാർച്ചും നടത്തി. വലിയമ്പലത്തിന്റെ മുൻ വശത്തു നിന്നും ആരംഭിച്ച പ്രകടനം എരുമേലി പേട്ട കവലയിലെത്തി തിരിച്ച് വലിയമ്പലത്തിന് മുന്നിൽ അവസാനിച്ചു. തുടർന്ന് നടന്ന യോഗം തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് ജി.രാമൻപിള്ള ഉദ്ഘാടനം ചെയ്തു. എരുമേലിയിലും ജില്ലയിലെ മറ്റ് ഇടത്താവളങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സര്‍ക്കാര്‍ ശബരിമല തീർത്ഥാടനം അട്ടിമറിക്കുകയാണന്ന് രാമൻപിള്ള പറഞ്ഞു.
തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ മാസങ്ങള്‍ക്ക് മുമ്പേ നടന്നിരുന്ന മന്ത്രിതല യോഗങ്ങള്‍ പോലും സംഘടിപ്പിക്കാന്‍ ഇത്തവണ സര്‍ക്കാര്‍ തയ്യാറായിട്ടില്ലന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ആരോപിച്ചു.
തുടർന്ന് പ്രവർത്തകർ വലിയമ്പലത്തിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് അഞ്ച് മിനിറ്റോളം പാത ഉപരോധിച്ചു. ഇതോടെ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. മധു തുടങ്ങിയവർ ധർണ്ണക്കും മാർച്ചിനും നേതൃത്വം കൊടുത്തു.