REPORT:ANSAR.E.NASAR

കാഞ്ഞിരപ്പള്ളി:ബൈപാസിനായി പഞ്ചായത്ത് വക സ്ഥലം വിട്ട് നല്‍കാന്‍ കമ്മറ്റിയുടെ തീരുമാനം. ടൗണ്‍ ഹാള്‍ പൊളിച്ച് നീക്കി ഷോപ്പിംഗ് കോംപ്ലക്‌സ് ഉള്‍പ്പെടെ പുതിയ പഞ്ചായത്തോഫീസ് കെട്ടിടം നിര്‍മ്മിക്കാനും സാധ്യത പരിശോധിക്കുന്നു.എം.എല്‍ എ കൂടി പങ്കെടുത്ത പഞ്ചായത്ത് കമ്മറ്റിയാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈ കൊണ്ടത്.

കാഞ്ഞിരപ്പള്ളിയുടെ വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനായാണ് ഡോ എന്‍ ജയരാജ് എം.എല്‍ എ യെക്കൂടി പങ്കെടുപ്പിച്ച് ശനിയാഴ്ച പഞ്ചായത്ത് കമ്മറ്റി വിളിച്ച് ചേര്‍ത്തത്. ബൈപാസ് നിര്‍മ്മാണം,ബസ്റ്റാന്റ് നവീകരണം, പുതിയ പഞ്ചായത്തോഫീസ് കെട്ടിട നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളാണ് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തത്.

ബൈപാസ് നിര്‍മ്മാണത്തിനായി നിലവില്‍ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കുറച്ച് സ്ഥലം കൂടി വിട്ട് നല്‍കണമെന്ന് എം.എല്‍ എ പഞ്ചായത്ത് കമ്മറ്റിയോട് ആവശ്യപ്പെട്ടു. നിലവിലെ കെട്ടിടത്തിന് മുന്‍വശത്തുള്ള സ്ഥലമാണ് വിട്ട് നല്‍കേണ്ടത്.ഇതിനോട് അനുകൂലമായ നിലപാടാണ് പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം സ്വീകരിച്ചത്.സ്ഥലം വിട്ട് നല്‍കാനുളള സമ്മതം അറിയിച്ച് ടി.ടി പി യ്ക്ക് കത്ത് നല്‍കുവാനും ഇതെ തുടര്‍ന്ന് കമ്മറ്റി തീരുമാനമെടുത്തു

ടൗണ്‍ ഹാള്‍ പൊളിച്ച് നീക്കി ഇവിടെ ഷോപ്പിംഗ് കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള പുതിയ പഞ്ചായത്തോഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ തയ്യാറാണെങ്കില്‍ പദ്ധതിക്ക് ആവശ്യമായ തുക ലഭ്യമാക്കാമെന്ന് എം.എല്‍ എ കമ്മറ്റിയില്‍ പറഞ്ഞു. ഇതെ തുടര്‍ന്ന് ടൗണ്‍ ഹാളിന് സമീപത്തെ സ്ഥലം അടിയന്തിരമായി അളന്ന് തിട്ടപ്പെടുത്താന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുത്തു.

ഇക്കാര്യമാവശ്യപ്പെട്ട് താലൂക്ക് സര്‍വ്വേയര്‍ക്ക് ഉടന്‍ കത്ത് നല്‍കും. തീര്‍ത്ഥാടനകാലം അവസാനിച്ചാല്‍ ഉടന്‍ തന്നെ ബസ്റ്റാന്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും തീരുമാനമായി.