പ്രധാന ശബരിമല പാതയായ എരുമേലി ശബരിമല പാതയിലെ കണമല പാലത്തിൽ സ്ലാബുകൾ പൊട്ടിയടർന്ന് കമ്പികൾ പുറത്തേക്ക് തള്ളിയ നിലയിൽ. യാത്രാ സുരക്ഷിത ത്വം ഉറപ്പാക്കണമെന്ന് നാട്ടുകാർ
മുമ്പ് ശബരിമല സീസണുകളിൽ കണമല പാലത്തിൽ സംഭവിച്ച കോൺക്രീറ്റ് സ്ലാബ് പൊ ട്ടൽ വീണ്ടും. ചില സ്ലാബുകളിലാണ് കോൺക്രീറ്റ് പൊട്ടിയടർന്ന്  കമ്പികൾ പുറത്തേക്ക് തള്ളിയ നിലയിലായിരിക്കുന്നത്. എരുമേലി – ശബരിമലപാതയിലെ പ്രധാന പാലമാണ്  പമ്പയാറിന് കുറുകെയുള്ള കണമല പാലം.  ആയിരക്കണക്കിന് ശബരിമല  തീർത്ഥാടക വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. പ്രീ ട്രെസ്സ്ഡ് കോൺക്രീറ്റ് സ്ലാബ് പാളികൾ അടുക്കിയാണ് പാലത്തിൽ റോഡ് നിർമിച്ചിരിക്കുന്നത്. കോൺക്രീറ്റ് സ്ലാബുകൾ പരസ്പ രം ചേരുന്ന ഭാഗത്ത്  കോൺക്രീറ്റ് മിശ്രിതം പൊളിയുന്നത് കഴിഞ്ഞ ശബരിമല സീസണി ലും പ്രകടമായിരുന്നു.
ഇതിന് മുമ്പും രണ്ട് തവണ ഇവിടെ ഇത്തരത്തിൽ സ്ലാബുകൾ പൊട്ടിയടർന്ന് കമ്പികൾ പുറത്തേക്ക് തള്ളിയിരുന്നു. അന്ന് താൽക്കാലികമായി അടച്ച പൊട്ടൽ രൂപപ്പെട്ടതിന് സമീപമാണ് ഇപ്പോൾ ഇളകിയിരിക്കുന്നത്. വലിയ വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഈ പൊട്ടൽ വീണ്ടും വലുതായി കമ്പികൾ വെളിയിലേക്ക് തള്ളുകയാണ്. ഉയർന്ന് നിൽക്കുന്ന കമ്പികൾ ബൈക്ക് യാത്രികർക്ക് അപകട സാധ്യത വർദ്ധിപ്പിക്കുന്നുമുണ്ട്. ഇതിൽ ചാടി വാഹനങ്ങളുടെ ടയറുകളിലും നാശം സംഭവിക്കുന്നതായി നാട്ടുകാർ പറയുന്നു.
വാഹനസഞ്ചാരം വർധിക്കുന്നത് മൂലം കോൺക്രീറ്റ് സ്ലാബുകൾ ചേരുന്ന ഭാഗത്ത് ഭാരവും സമ്മർദ്ദവും കൂടി തേയ്മാനമുണ്ടാകുന്നത് മൂലമാണ് കോൺക്രീറ്റ് മിശ്രിതം അടരുന്നതെന്ന് മരാമത്ത് അധികൃതർ പറയുന്നു. അതേസമയം ഇത് മൂലം പാലത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണി ഇല്ലെന്നും അധികൃതർ പറയുന്നു. അതേസമയം കോൺക്രീറ്റ് പാളികളിലെ പൊട്ടൽ മൂലം കമ്പികൾ തെളിഞ്ഞിട്ടുണ്ടെന്നും അപകടങ്ങൾ സംഭവിക്കാതിരിക്കാൻ അടിയന്തിര പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.