എരുമേലി: നൂറു വര്‍ഷത്തിന്റെ നിറവില്‍ അണിഞ്ഞൊരുങ്ങിയ കനകപ്പലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പഴയപള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് . ശതാബ്ദിയോടനുബന്ധിച്ച് നവീകരിച്ച പള്ളിയുടെ ശതാബ്ദി സ്മാരക ശിലയും, ശതാബ്ദി സ്മാരക കവാടവും സമര്‍പ്പിക്കും. ഇന്ന് രാവിലെ 7.15 ന് പുതുക്കിപ ണിത ദേവാലയ കവാടത്തില്‍ നിന്നും പരിശുദ്ധ ബാവാ തിരുമേനിയെ സ്വീകരിക്കും. 8.30 ന് കുര്‍ബാന. പത്തിന് പിതൃസ്മൃതി.
രാവിലെ 10. 30 ന് പൊതുസമ്മേളനം പരിശുദ്ധ കത്തോലിക്ക ബാവാ മോറന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ ഉദ്ഘാടനം ചെയ്യും. നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം. എല്‍. എ. ശതാബ്ദി സഹായവിതരണം നടത്തും. പ്രോഗ്രാം കണ്‍വീനര്‍ ബിജു ജോണ്‍ ചരിത്ര അവതരണം നടത്തും. പള്ളിയുടെ പുരോഗതിയ്ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് എരുമേലി കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് 30 വര്‍ഷം പൂര്‍ത്തീകരിച്ച സഖറിയ ഡോമിനിക് ചെമ്പകത്തുങ്കലിനെ ആദരിക്കും. ചടങ്ങില്‍ മുതിര്‍ന്ന വികാരിമാര്‍ക്കും ആദരവ് നല്‍കും. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഇടിക്കുള എം. ചാണ്ടി, സഭാ മനേജിങ് കമ്മറ്റിയംഗം ഡോ. റോബിന്‍ പി. മാത്യു, മുന്‍ വികാരി ഫാ. കെ. എ. ചെറിയാന്‍, സിസ്റ്റര്‍ തബിത, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം ടി. എസ്. കൃഷ്ണകുമാര്‍, വാര്‍ഡംഗം സുനില്‍ ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന്.
1921 ജനുവരിയില്‍ പുത്തന്‍വീട്ടില്‍ യാക്കോബ് കശീശ മാതാവിന്റെ നാമത്തില്‍ ആദ്യ കുര്‍ബാന അര്‍പ്പിച്ച് തുടക്കം കുറിച്ചതാണ് ദേവാലയം. 24-12-1921 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് മൂലം തിരുനാള്‍ രാമവര്‍മ്മയുടെ ആഞ്ജപ്രകാരം പള്ളി സ്ഥാപിതമായത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുരിശും, ഒറ്റക്കല്ലില്‍ തീര്‍ത്ത മാമോദീസ തൊട്ടിയും, 1921 ലെ ഇടവക രജിസ്റ്റര്‍, അക്കാലത്തെ പടിയോല എന്നിവ ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി ദേവാലയത്തില്‍ സംരക്ഷിക്കുന്നു. പള്ളിയുടെ മുന്‍പിലായി ക്ഷേത്രങ്ങളില്‍ കാണുന്നതു പോലെ അഷ്ടമംഗല്യ തറയില്‍ സ്ഥാപിച്ചിരിക്കുന്ന കല്‍കുരിശും പൗരാണികത വിളിച്ചോതുന്നു. ഫാ. ജോണ്‍ സാമുവേല്‍, ട്രസ്റ്റി കുര്യന്‍ പോള്‍ ചാലക്കുഴി, ജനറല്‍ കണ്‍വീനര്‍ ബിനോജ ജോണ്‍ ചാലക്കുഴി, പബ്ലിസിറ്റി കണ്‍വീനര്‍ സി. പി. മാത്തന്‍, റോബിന്‍ സി. വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.