കാഞ്ഞിരപ്പള്ളി: യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്‍ കങ്ങഴ പഞ്ചായത്തില്‍ പര്യടനം നടത്തി. കങ്ങഴ വലിയച്ചന്‍ മഹാദേവ ക്ഷേത്രത്തിനു മുന്നില്‍ നിന്ന് ആരംഭിച്ച പര്യടനം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ് മൂലം പിന്‍വലിക്കാത്ത ഇടതുസര്‍ക്കാരില്‍ നിലപാട്് ഇരട്ടത്താപ്പാണെന്ന് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ കോടതിയില്‍ വിശ്വാസ സമൂഹത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, കെ.എസ്.യു. പ്രവര്‍ത്തകരുടെ ഇരുചക്ര വാഹന അകമ്പടിയോടെ നടന്ന പര്യടനത്തിന് ഒ.ജെ. വര്‍ഗീസ്, ഷെറിന്‍ സലിം, അജ്മല്‍ കൊച്ചുതുണ്ടിയില്‍, സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ സുഷമ ശിവദാസ്, സി.വി. തോമസ്, ആതിരപ്രകാശ്, ജാന്‍സ് കുന്നപ്പള്ളി, അബ്ദുള്‍കരിം മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. പര്യടനം കടന്നുപോയ ഇലവുങ്കല്‍, മണ്ണുപുരേടം, മുണ്ടത്താനം തുടങ്ങി പലയിടങ്ങളിലും വീട്ടമ്മമാരും കുട്ടികളും വയോജനങ്ങളും സ്ഥാനാര്‍ഥിയെ വഴിയരികില്‍ കാത്തുനിന്നു പൂച്ചെണ്ടുകളും ഹാരങ്ങളുമായി വരവേറ്റു. പര്യടന വാഹനം കടന്നുപോകാത്ത കുര്യന്‍പ്ലാക്കല്‍ കോളനിയിലും ഉള്‍പ്രദേശങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്ത് സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു. ചൂരക്കുന്നിലെ പ്രമുഖ ഭക്ഷ്യസംസ്‌ക്കരണ വ്യവസായശാലയിലെ ജീവനക്കാരെയും തൊഴിലാളികളെയും സന്ദര്‍ശിച്ചു. മുണ്ടത്താനം, ഇടയപ്പാറ, അരീക്കല്‍, കാഞ്ഞിരപ്പാറ, കല്ലുപുരയ്ക്കല്‍, കാനം പള്ളിക്കവല, കാനം ചന്തകവല, കാരമല, കൊറ്റംചിറ തലക്കുളം പീടിക, ഇടയിരിക്കപ്പുഴ, പ്ലാക്കല്‍പടി എന്നിവിടങ്ങള്‍ പിന്നിട്ട് പത്തനാട് സമാപിച്ചു. ഇന്ന് രാവിലെ 8ന് കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ പര്യടനം നടത്തും.