കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌നയുടെ തിരോധാനത്തിന് ഈ 22ന് രണ്ടു വയസ്സ് തികയുമ്പോഴും തുമ്പുകിട്ടാതെ അന്വേഷണ സംഘം വലയുകയാണ്. മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തു വീട്ടില്‍ ജെസ്‌ന മരിയ ജയിംസിനെ കാണാതാകുന്നത്. രാവിലെ മുണ്ടക്കയത്തുള്ള ബന്ധുവീട്ടിലേക്കു പോയ ജെസ്‌ന എരുമേലി വരെ എത്തിയതായി വിവരമുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല.

ജെസ്ന തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവു ജയിംസ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ജെസ്ന പോകാന്‍ സാധ്യതയുളള എല്ലാ സ്ഥലങ്ങളും വെച്ചൂച്ചിറ പൊലീസ് അന്വേഷിച്ചു. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടര്‍ന്നു സഹപാഠിയെ ചോദ്യം ചെയ്തെങ്കിലും സംഭവത്തില്‍ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. എന്നാല്‍ ഫലമുണ്ടായില്ല. <

തിരോധാനം നിയമസഭയില്‍ ഉപക്ഷേപമായെത്തിയപ്പോള്‍ അന്വേഷണച്ചുമതല തിരുവല്ല ഡിവൈഎസ്പിക്കു നല്‍കി. ഇപ്പോള്‍ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ലോക്കല്‍ പൊലീസിന്റെ കണ്ടെത്തലില്‍ കൂടുതലൊന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. ആകെയുള്ളത് സിസിടിവി ദൃശ്യങ്ങളാണ്. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ മുണ്ടക്കയത്തിനുള്ള ബസില്‍ ജെസ്‌ന ഇരിക്കുന്നതായി സിസിടിവിയില്‍ കണ്ടിരുന്നു. എന്നാല്‍, അതു ജെസ്‌നയാണെന്നു സ്ഥിരീകരിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല.

മുണ്ടക്കയം സ്റ്റാന്‍ഡില്‍നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കാണപ്പെട്ട ജെസ്‌നയോടു സാമ്യമുള്ള പെണ്‍കുട്ടിയെ കണ്ടെത്താനും പൊലീസിനു കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ജെസ്നയെന്നു കരുതുന്ന പെണ്‍കുട്ടി നടന്നു വരുന്ന ദൃശ്യങ്ങളില്‍ സംശയാസ്പദമായി മറ്റു രണ്ടുപേര്‍ കൂടി ഉണ്ടെന്നത് വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ ആരുടേതെന്ന് ഇന്നും വ്യക്തമല്ല. ഇതിനിടെ ബെംഗളൂരുവില്‍ ജെസ്നയെ കണ്ടതായി പ്രചാരണമുണ്ടായി. എന്നാല്‍ അതും ശരിയല്ലെന്നായിരുന്നു കണ്ടെത്തല്‍. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ഇന്ത്യയൊട്ടാകെ അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഇപ്പോഴും സംഘം തിരിഞ്ഞ് അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ വ്യക്തമായ ഫലം ഇതുവരെ ഉണ്ടായിട്ടില്ല.