കൊടുങ്ങൂര്‍: കര്‍ണ്ണനെ പാണ്ഡവര്‍ വധിച്ചതറിഞ്ഞ് രൗദ്രവേഷം പൂണ്ട് പാണ്ഡവരെ നിഗ്രഹിക്കുവാന്‍ പുറപ്പെട്ട ഭദ്രകാളിയെ തൃപ്തിപ്പെടുത്തി പ്രീതി നേടാന്‍ ദേവിയെ സ്തുതിച്ച് പാട്ടുപാടിക്കളിച്ച പാണ്ഡവന്മാരുടെ ഓര്‍മ്മകള്‍ കൊടുങ്ങൂര്‍ നിവാസികളില്‍ പുനര്‍ജ്ജനിച്ചു. കാളീഭക്തനായ കര്‍ണ്ണനെ വധിച്ച പാണ്ഡവരെ നശിപ്പിക്കുകായിരുന്നു ദേവിയുടെ ലക്ഷ്യം. ഇത് മുന്‍കൂട്ടിക്കണ്ട ശ്രീകൃഷ്ണന്‍ ഉപദേശിച്ച് കൊടുത്തതാണ് ഐവര്‍കളി. ശ്രീകൃഷ്ണന്‍ തന്നെ നടുവില്‍ വിളക്കായി നിന്നുകൊണ്ട് പാട്ടുപാടിക്കൊ ടുത്ത് പാണ്ഡവന്മാരെ കളിപ്പിച്ചു.
 
ഇതിന്റെ ഫലമായി ദേവി പ്രസാദിച്ച് പാണ്ഡവന്മാരെ അനുഗ്രഹിച്ചു. കാലഹരണപ്പെട്ട ഈ അനുഷ്ഠാനം കഴിഞ്ഞ വര്‍ഷം മുതലാണ് കൊടുങ്ങൂരില്‍ പുനരവതരിപ്പിച്ചത്. ദേവീ പ്രീതി നേടാന്‍ ഒരുവര്‍ഷത്തെ മെയ് പയറ്റിനു ശേഷം ഐവര്‍കളി സംഘം തടികൊണ്ടു ള്ള ചുരിക, പരിചകളും മെയ് അഭ്യാസവും കൊണ്ടാണ് കളിക്കുന്നത്. കാല്‍മുട്ടിനു മുകളില്‍ തറ്റുടുത്ത് തലപ്പാവു വച്ച് ശരീരത്തില്‍ ചന്ദനം പൂശി വിളക്കിനു ചുറ്റും ആശാന്‍ പാടിയ ദേവീസ്തുതികള്‍ ഏറ്റുപാടി കൈകൊട്ടി നൃത്തം ചെയ്തു.കളിത്തട്ടിനെ സാക്ഷി നിര്‍ത്തി ക്ഷേത്ര നടപന്തലിലാണ് ഐവര്‍കളി നടന്നത്. കാലങ്ങള്‍ക്ക് മുന്‍പ് ക്ഷേത്ര കളിത്തട്ടിലാണ് ഐവര്‍കളി നടത്തിയിരുന്നത്.
റ്റീം റിപ്പോർട്ടേഴ്സ് പൊൻകുന്നം…