കാഞ്ഞിരപ്പള്ളിയെ ഹരിതാഭമാക്കാന്‍ ഹരിത കാഞ്ഞിരപ്പള്ളി മിഷന്‍ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ഹരിത കേരളം മിഷന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മണ്ണ് സംരക്ഷണ വകുപ്പ്, ജലസേചന വകുപ്പ് എന്നിവയുടെയും സഹകരണത്തോടെ പരിസ്ഥിതി – ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും, മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു.

കാഞ്ഞിരപ്പളളിയുടെ നാഡി ഞരമ്പായ ചിറ്റാര്‍പുഴയുടെയും, അനുബന്ധ കൈത്തോടു കളുടെയും നവീകരണവും, സംരക്ഷണവും, ചെറിയ നീര്‍ച്ചാലുകളില്‍ തടയണ നിര്‍മാ ണം, മഴക്കുഴി നിര്‍മാണം, ചെറുകുളങ്ങളുടെയും, കിണറുകളുടെയും നിര്‍മാണം, കിണര്‍ റീ ചാര്‍ജിങ്ങ്,ഓലി – ഉറവ സംരക്ഷണം, തോടുകളുടെ തീരങ്ങളില്‍ കയര്‍ ഭൂവസ്ത്രം നിര്‍മാണം എന്നീ പരിസ്ഥിതി -ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും, കമ്പോസ്റ്റ് ബിറ്റ് നിര്‍മാണം, ശുചി മുറി നിര്‍മാണം ഉള്‍പ്പെടെയുളള മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും ഹരിത കാഞ്ഞിരപ്പള്ളി മിഷന്റെ ഭാഗമായി ഏറ്റെടുക്കും. കൃഷി ഭൂമികളില്‍ തട്ടു കയ്യാല നിര്‍മാണവും,ക്ഷീരകര്‍ഷകര്‍ക്ക് പശു തൊഴുത്ത് നിര്‍മാണവും പദ്ധതിയുടെ ഭാഗമായി നടക്കും.

പട്ടണ ഹൃദയത്തിലൂടെ ഒഴുകുന്ന ചിറ്റാര്‍പുഴയെ മാലിന്യ വിമുക്തമാക്കുക എന്ന പ്രധാന ലക്ഷ്യമാണ് മിഷന്റെ ഭാഗമായി ഏറ്റെടുക്കുന്നത്.ബഹുജന പങ്കാളിത്തത്തോടെ ഇതിനായി ബോധവല്‍ക്കരണ – ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും, പ്ലാസ്റ്റിക് നിരോധനവും, ബദലായി തുണി – പേപ്പര്‍ സഞ്ചി നിര്‍മാണം കുടുംബശ്രീ നേത്യത്വത്തില്‍ നടത്തുവാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ യോഗം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.ആര്‍.തങ്കപ്പന്‍ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീര്‍, വൈസ് പ്രസിഡണ്ട് ജോഷി അഞ്ചനാടന്‍, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വിദ്യാ രാജേഷ്, പഞ്ചായത്തംഗങ്ങളായ എം.എ.റിബിന്‍ ഷാ, വി.സജിന്‍, മാത്യൂ ജേക്കബ്, ഒ.വി. റെജി,റോസമ്മ വെട്ടിത്താനം, മേഴ്‌സി മാത്യു, മുബീന നൂര്‍ മുഹമ്മദ്, ടോംസ് ആന്റെണി, റിജോ വാളാന്തറ, നസീമ ഹാരീസ്,നുബിന്‍ അന്‍ഫല്‍, കുഞ്ഞുമോള്‍ ജോസ്, ദാരിദ്ര ലഘൂകരണ വിഭാഗം ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.ജെ. ബെന്നി, മണ്ണ് സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ പത്മകുമാര്‍, മൈനര്‍ ഇറിഗേഷന്‍ അസി: എക്‌സി.എഞ്ചിനിയര്‍ ജോര്‍ജ് തോമസ്, ജോ: ബി.ഡി.ഒ അജിത്ത്, പഞ്ചായത്ത് അസി: സെക്രട്ടറി തോമസ് ടി കുന്നുംപുറം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.