കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കേന്ദ്രീകരിച്ച് മണ്ണും, ജലവും സംരക്ഷിക്കുന്നതിനും, മാലിന്യ നിർമ്മാർജ്ജനവും ലക്ഷ്യം വച്ച് ജില്ലാ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചിരിക്കുന്ന ഹരിത കാഞ്ഞിര പ്പള്ളി പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി പദ്ധതി ആവിഷ്‌കരണ ശില്പശാല യും സെമിനാർ നടത്തി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാ രം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ തൊഴിൽ കാർഡ് എടുത്തിട്ടുള്ള മുഴുവൻ തൊഴിലാളികളും, കൂടാതെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, കോഓർഡിനേറ്റർമാർ, ഓവർസിയർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ശില്പശാലയിൽ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസ്സീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ശില്പശാലയും സെമിനാറും ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി, ത്രിതല പഞ്ചായത്ത് ഫണ്ടുകൾ, ഇറിഗേഷൻ, സോയിൽ കൺസർവേഷൻ, ഡിപ്പാർട്ട്തല ഫണ്ടുകൾ, നബാർഡ് ധനസഹായം എന്നീ മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് ഹരിത കാഞ്ഞിരപ്പള്ളി പദ്ധതി നടപ്പിലാക്കുക.ഹരിത കാഞ്ഞിരപ്പള്ളി പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിന്റെ 23 വാർഡുകളിലും ഓരോ പ്രവൃത്തി വീതം ഏറ്റെടുത്ത് ഡിസംബർ മാസത്തിൽ ആരംഭിക്കുന്നതിനായിട്ടാണ് ശില്പശാലയും സെമിനാറും സംഘടിപ്പിച്ചത്. ജില്ലാപഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം മേധാവി ജെ. ബെന്നിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ശില്പശാലയ്ക്ക് നേതൃത്വം നൽകി.

കാഞ്ഞിരപ്പള്ളി ടൗൺഭാഗത്ത് ചിറ്റാർപുഴ ശുചീകരണം, കരിമ്പ്കയം ടൂറിസം വികസന പദ്ധതി, പൂതക്കുഴിഭാഗത്ത് പടപ്പാടി തോട് തീരത്ത് നാലുമണിക്കാറ്റ് ഉദ്യാനം, മേലരുവി തോട് ഉദ്യാനവത്കരണവും ടൂറിസം സങ്കേതവും തുടങ്ങിയവയാണ് പദ്ധതികൾ .